Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളെ മുതൽ സ്കാനിയ, വോൾവോ, ജൻറം ബസ് നിരക്കിലും വർധന

KSRTC Bengaluru volvo

തിരുവനന്തപുരം∙ ജൻറം ലോഫ്ളോർ എസി, നോൺ എസി, സൂപ്പർ എയർ എക്സ്പ്രസ്, മൾട്ടിആക്സിൽ സ്കാനിയ, വോൾവോ ബസുകളുടെ നിരക്കും നാളെ മുതൽ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.

ജൻറം ലോഫ്ളോർ നോൺ എസി ബസുകളുടെ മിനിമം നിരക്കു 10 രൂപയാക്കി. കിലോമീറ്റർ നിരക്ക് 70 പൈസയിൽനിന്ന് 80 ആകും. മിനിമം നിരക്കിൽ അഞ്ചു കിലോമീറ്റർ വരെ സഞ്ചരിക്കാം. നിലവിൽ നോൺ എസി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയായിരുന്നു. 

ലോഫ്ളോർ എസി ബസുകളുടെ മിനിമം നിരക്ക് 15 രൂപയിൽനിന്ന് 20 ആകും. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു സെസ് കൂടി ഈടാക്കുന്നതിനാൽ 21 രൂപ നൽകേണ്ടിവരും. ഇത്തരം ബസുകളുടെ കിലോമീറ്റർ നിരക്കിൽ വർധനയില്ല. 1.50 രൂപയാണു കിലോമീറ്റർ നിരക്ക്. 

മുൻപു ചേർന്ന മന്ത്രിസഭായോഗം ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ് നിരക്കു വർധിപ്പിച്ചപ്പോൾ ഇവ ഉൾപ്പെടുത്തിയിരുന്നില്ല. ദീർഘദൂര സർവീസ് നടത്തുന്ന മൾട്ടിആക്സിൽ സ്കാനിയ, വോൾവോ ബസുകളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ ഇത്തരം ബസുകളിൽ 80 രൂപ മിനിമം നിരക്കു നൽകേണ്ടി വരും. മിനിമം നിരക്കിൽ 20 കിലോമീറ്റർ സഞ്ചരിക്കാം. കിലോമീറ്റർ നിരക്ക് 1.91 രൂപയിൽനിന്നു രണ്ടാക്കി. 

സൂപ്പർ എയർ എക്സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 25ൽ നിന്ന് 28 രൂപയാക്കി. മിനിമം നിരക്കിൽ 10 കിലോമീറ്റർ സഞ്ചരിക്കാം. കിലോമീറ്റർ നിരക്ക് 85 പൈസയിൽനിന്നു 93 പൈസയാകും. എല്ലാ നിരക്കുകളും നാളെയാണു നിലവിൽ വരുന്നത്.

related stories