Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയ്ക്ക് ‘കൈകൊടുത്ത്’ കിം; രാസായുധം നിർമിക്കാൻ സഹായിക്കുന്നതായി റിപ്പോർട്ട്

kim-jong-un-1 ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.

സോൾ∙ രാഷ്ട്രീയ അസ്ഥിരതയാൽ പ്രയാസപ്പെടുന്ന സിറിയയും ലോക രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഉത്തര കൊറിയയും രാസായുധ നിർമാണവുമായി ബന്ധപ്പെട്ടു കൈകോർക്കുന്നു. ഏറ്റവും അപകടകരമായ രാസായുധങ്ങൾ നിർമിക്കാൻ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായി യുഎൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂയോർക്ക് ടൈംസാണു റിപ്പോർട്ട് ചെയ്തത്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകൾ, വാൽവുകൾ, പൈപ്പുകൾ തുടങ്ങിയവ വൻതോതിൽ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായാണു റിപ്പോർട്ട്.

ഐക്യരാഷ്ട സംഘടന ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ ആധാരമാക്കിയാണു വാർത്ത. സിറിയയുടെ ആയുധപ്പുരകളും മിസൈൽ നിർമാണശാലയും ഉത്തര കൊറിയയുടെ മിസൈൽ തന്ത്രജ്ഞർ സന്ദർശിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സിറിയൻ സൈന്യം വ്യാപകമായ തോതിൽ ക്ലോറിൻ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണു രാസായുധ നിർമാണത്തിന് ഉത്തര കൊറിയയുടെ സഹായം ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ. അതേസമയം, ക്ലോറിൻ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ സിറിയൻ സർക്കാർ തള്ളിയിട്ടുണ്ട്.

ഒരു ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പൽ നിറയെ, രാസായുധ നിർമാണത്തിനു സഹായിക്കുന്ന വസ്തുക്കൾ ഉത്തരകൊറിയ സിറിയയിലെത്തിച്ചെന്നാണു വിവരം. ഇതിനുപുറമെ മുൻ വർഷങ്ങളിലും ഇത്തരത്തിൽ ‘സംശയാസ്പദമായ വസ്തു’ക്കൾ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായി പറയപ്പെടുന്നു. 2012 നും 2017 നും ഇടയിലാണ് ഇടപാട് ഏറ്റവും കാര്യക്ഷമമായി നടന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാസായുധ നിർമാണത്തിനു സിറിയയും ഉത്തര കൊറിയയും സഹകരിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നു വിഷയത്തിൽ പ്രതികരണവുമായി യുഎൻ രംഗത്തെത്തി. ആണവായുധ നിർമാണവുമായി ബന്ധപ്പെട്ടു യുഎന്നിന്റെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള നിർദേശങ്ങൾ ഉത്തര കൊറിയയ്ക്കും സിറിയയ്ക്കും ബാധകമാണെന്നു യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് ഓർമിപ്പിച്ചു.