Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി വധം: ഹിന്ദു യുവസേന പ്രവർത്തകൻ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ

Gauri Lankesh ഗൗരി ലങ്കേഷ്

ബെംഗളുരു∙ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയിൽ. മറ്റൊരു കേസുമായി ബന്ധപ്പെട്ടു ജയിലിലുള്ള ടി. നവീന്‍ കുമാറി(37)നെയാണ് എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കർണാടക മധൂർ സ്വദേശിയായ ഇയാൾ ‘ഹിന്ദു യുവ സേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

അതേസമയം കേസുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നു ബെംഗളൂരു വെസ്റ്റ് ഡിസിപി എം.എൻ. അനുചേത് പറഞ്ഞു. വെടിയുണ്ടകള്‍ കൈവശം സൂക്ഷിച്ചതിന് ഈ മാസം 19നാണു നവീൻ കുമാറിനെ അറസ്റ്റു ചെയ്യുന്നത്. 15 വെടിയുണ്ടകൾ ഉൾപ്പെടെ തോക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഇയാളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്. തീവ്ര ഹിന്ദുസംഘടനയായ സനാതൻ സൻസ്ഥയുമായും ഇയാൾക്ക് പങ്കുണ്ടെന്ന് അറിയുന്നു. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതൻ സൻസ്ഥ. 

ഗൗരി ലങ്കേഷിന്റെ വീട്ടിൽ‌ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അനുസരിച്ചു കുറ്റവാളികളുടെ ചിത്രങ്ങൾ പൊലീസ് തയാറാക്കിയിരുന്നു. അതിൽ‌ ഒരു ചിത്രവുമായി പിടിയിലായ ആൾക്ക് സാമ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. രണ്ടു പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു രേഖാചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ വര്‍‌ഷം ഒക്ടോബർ 14നാണു പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ടത്.