Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലൈലാമയെ തള്ളിപ്പറഞ്ഞ് ചൈനയെ സന്തോഷിപ്പിക്കാനില്ല: നിലപാട് വ്യക്തമാക്കി ഇന്ത്യ

Dalai Lama

ന്യൂഡൽഹി ∙ ചൈനയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദലൈലാമ വിഷയത്തിലെ പ്രഖ്യാപിത നിലപാടിൽ വെള്ളം ചേർക്കാനില്ലെന്ന് ഇന്ത്യ. ഇതുവരെ രാജ്യത്തു തുടർന്നുവന്ന മതപരമായ കർമങ്ങൾ ഇനിയും തുടരാൻ അദ്ദേഹത്തിനു തടസ്സമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ടിബറ്റൻ ആത്മീയനേതാവിന്റെ പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക വിശദീകരണം.

ദലൈലാമയുടെ ഇന്ത്യയിലെ പ്രവാസ ജീവിതത്തിന്റെ 60–ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനിരിക്കെയാണ് പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ ഉദ്യോഗസ്ഥർക്കു കേന്ദ്രസർക്കാർ നിർദേശം നൽകിയതെന്നായിരുന്നു റിപ്പോർട്ട്. ദലൈലാമയെ ‘വിഘടനവാദി’യായി കരുതുന്ന ചൈനയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് ഇതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

അതേസമയം, ദലൈലാമ വിഷയത്തിൽ നിലപാട് മാറ്റില്ലെന്നു വ്യക്തമാക്കുമ്പോഴും ഉദ്യോഗസ്ഥർക്കായി ഇത്തരമൊരു ഉത്തരവ് നൽകിയോയെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. 

‘ദലൈലാമ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തവും സുദൃഢവുമാണ്. അദ്ദേഹം മഹാനായ മതനേതാവും ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ആദരിക്കപ്പെടുന്ന വ്യക്തിയുമാണ്. ഇക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല. ഇന്ത്യയിൽ അദ്ദേഹത്തിന്റെ മതപരമായ കർമങ്ങൾ തുടരാൻ എല്ലാവിധ സ്വാതന്ത്ര്യവും തുടർന്നും ഉണ്ടായിരിക്കും’ – വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ചൈനീസ് സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് 1959 മാർച്ചിലാണ് ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്തത്. ഇവിടെ 60 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയതു വിപുലമായ പരിപാടികളോടെ ആഘോഷിക്കാനിരിക്കെയാണ് ഇതിൽ പങ്കെടുക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ വിലക്കിയതായി റിപ്പോർട്ട് വന്നത്.

related stories