Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുമുണ്ട് ആ ആയിരം പേരിൽ; ‘സഹായിക്കേണ്ടെന്ന്’ യുഎന്നിനോട് സിറിയ

Syria-War തകരുകയാണ് സ്വപ്നങ്ങളും... കിഴക്കൻ ഗൂട്ടായിൽ യുദ്ധത്തിൽ തകർന്ന കെട്ടിടത്തിനു മുന്നിൽ കുട്ടികൾ. ചിത്രം: എഎഫ്പി

ബെയ്റൂട്ട് ∙ വിമതർക്കെതിരെ റഷ്യൻ പിന്തുണയോടെ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യം പോരാട്ടം തുടരുന്ന കിഴക്കൻ ഗൂട്ടായിൽ ‘താത്കാലിക ആശ്വാസ’ത്തിനുള്ള അനുമതി മാത്രം നൽകി സിറിയ. ഗൂട്ടായിൽ കുടുങ്ങിയ നാലു ലക്ഷത്തോളം പേരിൽ 1.8 ലക്ഷം പേർക്കുള്ള സഹായം എത്തിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് സിറിയ അനുമതി നൽകിയത്. യുനിസെഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പക്ഷേ ഞായറാഴ്ച മാത്രമേ പുറപ്പെടാനാകൂ. ശേഷിക്കുന്ന മൂന്നു ലക്ഷത്തോളം പേരുടെ കാര്യത്തിൽ തീരുമാനവുമായിട്ടില്ല.

കുട്ടികൾ ഉൾപ്പെടെ, അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നു യുഎൻ വ്യക്തമാക്കിയ ആയിരത്തോളം പേരുടെ കാര്യത്തിലും യാതൊരു നടപടിയുമില്ല. ഇവരെ യുദ്ധമേഖലയില്‍നിന്നു പുറത്തെത്തിക്കുന്നതു സംബന്ധിച്ച് ഒരു തരത്തിലുള്ള ഉടമ്പടികൾക്കും നിലവിൽ സാധ്യതയില്ലെന്നും യുഎൻ പ്രതിനിധി ഗീയർട്ട് കേപ്പിലെയർ പറഞ്ഞു.

അതേസമയം, ദമാസ്കസിനു സമീപം കിഴക്കൻ ഗൂട്ടായിൽ വിമതരുടെ മേൽ ആധിപത്യം സ്ഥാപിച്ചു മുന്നേറുകയാണ് പ്രസിഡന്റിന്റെ സൈന്യം. വിമതരുടെ ശക്തികേന്ദ്രങ്ങളായ ഹോഷ് സ്റീക്ക, ഹോഷ്–അൽ–സവാഹ്റ ഗ്രാമങ്ങൾ പിടിച്ചെടുത്തെന്നു സൈന്യം വ്യക്തമാക്കി. ഏഴു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായമാണ് ഇപ്പോൾ കിഴക്കന്‍ ഗൂട്ടായിലേത്.

12 ദിവസമായി തുടരുന്ന യുദ്ധത്തിൽ കുരുന്നുകൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണു കൊല്ലപ്പെട്ടത്. എന്നാൽ ഇതിന്റെ കൃത്യമായ കണക്കുകൾ പോലും പുറത്തെത്തിയിട്ടില്ല. കൂടുതൽ ഇടങ്ങളിലേക്ക് അക്രമം വ്യാപിക്കുകയാണെന്ന് ഉപഗ്രഹദൃശ്യങ്ങൾ വിലയിരുത്തി കഴിഞ്ഞ ദിവസം യുഎൻ വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങൾ തകർന്നു തരിപ്പണമായെന്നും റിപ്പോർട്ടിലുണ്ട്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധത്തിൽ രാസായുധ പ്രയോഗം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലും യുഎൻ അന്വേഷണം നടക്കുകയാണ്. അതിനിടെ, സിറിയയ്ക്കു രാസായുധം നൽകുന്നുവെന്ന റിപ്പോർട്ട് ഉത്തരകൊറിയ തള്ളി. തങ്ങൾക്കെതിരെ രാജ്യാന്തര സമ്മർദം ശക്തമാക്കാനുള്ള യുഎസിന്റെ തന്ത്രമാണിതെന്നും ഉത്തര കൊറിയൻ വക്താവ് അറിയിച്ചു.

കിഴക്കൻ ഗൂട്ടായിൽ രാവിലെ ഒൻപതു മുതൽ രണ്ടു വരെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരയുദ്ധം തുടരുകയാണെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ജനങ്ങൾക്കായി സിറിയൻ സൈന്യം ഒരുക്കിയ ‘രക്ഷാപാത’ വെറും തമാശയാണെന്ന് യുഎസും കുറ്റപ്പെടുത്തി. ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താൽ ഈ പാത ഉപയോഗിക്കാൻ സാധാരണക്കാർ ഭയപ്പെടുകയാണ്. അത്രമേൽ അരക്ഷിതമാണു മേഖലയെന്നും യുഎസ് വ്യക്തമാക്കി.

മേഖലയിലെ ദുരന്തപൂർണമായ അവസ്ഥ വിലയിരുത്താൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗവും ചേരുന്നുണ്ട്. കിഴക്കൻ ഗൂട്ടായിൽ 30 ദിവസത്തെ വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് യുഎൻ പ്രമേയവും പാസാക്കിയിരുന്നു. എന്നാൽ യുഎൻ ഉടമ്പടിയിൽ പരാമർശമില്ലാത്ത ‘ഭീകരരുമായാണ്’ തങ്ങൾ ഏറ്റുമുട്ടുന്നതെന്നും വെടിനിർത്തൽ സാധ്യമല്ലെന്നുമാണ് റഷ്യയും സിറിയയും വ്യക്തമാക്കിയത്.

റഷ്യയിൽനിന്നും ഇറാനിൽനിന്നും സിറിയൻ സൈന്യത്തിനു പിന്തുണ ലഭിക്കുന്നുണ്ട്. 2016ൽ അലെപ്പോ പിടിച്ചെടുക്കാൻ നടത്തിയ അതേ യുദ്ധതന്ത്രങ്ങളാണ് കിഴക്കൻ ഗൂട്ടായിലും സിറിയ പിന്തുടരുന്നത്.