Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയ: സർക്കാരിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്; ഗവർണറെ കണ്ടു

congress-meghalaya മേഘാലയയിൽ തിരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.

ഷില്ലോങ്∙ തൂക്കു സർക്കാരിനു കളമൊരുങ്ങിയ മേഘാലയയിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. ശനി രാത്രി വൈകി ഗവർണർ ഗംഗ പ്രസാദിനെ കണ്ട് കോൺഗ്രസ് ഈ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോൺഗ്രസ്.

‘ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശം ഞങ്ങൾക്കാണെന്നു ഗവർണറോടു പറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ആദ്യം വിളിക്കണമെന്നാണു നടപടിക്രമങ്ങൾ. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എണ്ണം തികയ്ക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്’ – മുതിർന്ന നേതാവ് കമൽ നാഥ് ദേശീയമാധ്യമത്തോടു പറഞ്ഞു. കമൽ നാഥിനെയും അഹമ്മദ് പട്ടേലിനെയുമാണ് സർക്കാർ രൂപീകരണ കാര്യങ്ങൾ സംസാരിക്കാൻ കോൺഗ്രസ് മേഘാലയയിലേക്ക് അയച്ചത്.

60 അംഗ നിയമസഭയിൽ 59 സീറ്റുകളിലേക്കാണു മൽസരം നടന്നത്. ഇതിൽ കേവല ഭൂരിപക്ഷം 31 സീറ്റാണെന്നിരിക്കെ, 21 സീറ്റുകളാണ് കോൺഗ്രസിനു നേടാനായത്. എൻപിപിക്ക് 19, ബിജെപിക്ക് രണ്ട്, മറ്റുള്ളവർ 17 എന്നിങ്ങനെയാണ് സീറ്റുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സീറ്റായിരുന്നു കോൺഗ്രസ് നേടിയത്.

അതേസമയം, ഗവർണറെ കണ്ടെങ്കിലും പിന്തുണയ്ക്കുന്നവരുടെ കത്തൊന്നും കോൺഗ്രസ് സംഘം നൽകിയില്ല.