Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ‘രണ്ടിനു’ മുൻപിൽ 21 എത്രയോ ചെറുത്; ബിജെപി ഇന്ദ്രജാലം അവസാനിക്കുന്നില്ല!

amit-shah-and-modi

ഷില്ലോങ്∙ ത്രിശങ്കു സഭയിൽനിന്നു സർക്കാർ ഉണ്ടാക്കുകയെന്ന ഇന്ദ്രജാലം മേഘാലയയിലും ആവർത്തിക്കുകയാണ് ബിജെപി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപീകരണ നീക്കം തകർത്താണ്, കേവലം രണ്ടു സീറ്റു മാത്രം കയ്യിലുള്ള ബിജെപി ഇവിടെ സർക്കാർ രൂപീകരിക്കുന്നത്. അഞ്ചോളം പ്രാദേശിക കക്ഷികളെയും സ്വതന്ത്രരെയും ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ബിജെപിയുടെ സർക്കാർ രൂപീകരണം.

മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മയുടെ മകനും നാഷനൽ പീപ്പിൾ‍സ് പാർട്ടി (എൻപിപി) അധ്യക്ഷനുമായ കോൺറാഡ് സാങ്മ ബിജെപി സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയാവും. നാളെ രാവിലെ 10.30നാണ് സത്യപ്രതിജ്ഞ. കടലാസിലെ ഭൂരിപക്ഷം സഭയിൽ തെളിയിക്കുക എന്ന നിർണായക കടമ്പ പിന്നാലെ. 

19 സീറ്റ് നേടിയ എൻപിപിക്കൊപ്പം രണ്ടു സീറ്റുള്ള ബിജെപിയും എട്ടു സീറ്റുള്ള യുഡിപി സഖ്യവും ചേർന്നാണു മേഘാലയയിൽ 29 സീറ്റ് ആയത്. ഇവർക്കു കെഎച്ച്എൻഎഎമ്മിന്റെ ഒരു എംഎൽഎയുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയും ലഭിക്കുമെന്നാണു സൂചന. ഇതോടെ 33 പേരുടെ ഭൂരിപക്ഷവുമായി സഖ്യം സുരക്ഷിതനിലയിലെത്തും.

2009ൽ യുപിഎ ഭരണകാലത്തു മേഘാലയയിൽ കോൺഗ്രസ്–യുഡിപി സർക്കാരിനെ പൊളിച്ച് മുകുൾ സാങ്മ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതു മുതൽ അലോസരമുണ്ടായിരുന്ന യുഡിപി, ബിജെപിയുടെ ക്ഷണം കാര്യമായ ചർച്ചകളില്ലാതെ സ്വീകരിക്കുകയായിരുന്നു. 60 അംഗ സഭയിലെ 59 സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.

സർക്കാർ ഉണ്ടാക്കുന്നതോടെ, കൂടുതൽ ചെറുകക്ഷികളെ കൂടെക്കൂട്ടാനും ബിജെപിക്കു പ്രയാസമുണ്ടാവില്ല. നാല് എംഎൽഎമാരുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും പിന്തുണ ബിജെപി സഖ്യം തേടിയിട്ടുണ്ട്. നേരത്തേത്തന്നെ എൻപിപിയുമായി ബിജെപിക്കു രഹസ്യധാരണയുണ്ടെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.

‘മറ്റു രാഷ്ട്രീയ പാർട്ടികളുടെ തോളിൽ കയറിയിരുന്ന് വെടിയുതിർക്കാനാണ് ബിജെപിയുടെ ശ്രമ’മെന്നായിരുന്നു രാജിക്കത്ത് ഗവർണർക്കു കൈമാറിയശേഷം നിലവിലെ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ പ്രതികരണം. എന്തായാലും ഒരിക്കൽക്കൂടി ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ തന്ത്രജ്ഞത ‘കോൺഗ്രസ് വിമുക്ത ഭാരത’മെന്ന സ്വപ്നത്തിലേക്ക് അവർക്ക് ചവിട്ടുപടിയായിരിക്കുന്നു.

തിരിച്ചടികളിൽ ഉഴറി കോൺഗ്രസ്

അതേസമയം, തുടർതിരിച്ചടികളിൽ ഉഴറുകയാണ് കോൺഗ്രസ് നേതൃത്വം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരണമെന്ന നിർണായക കടമ്പ കടക്കാനാകാതെ ഇക്കുറിയും അവർ ഇടറിവീണു. ഗോവയിലെ അനുഭവത്തിൽനിന്നു പാഠമുൾക്കൊണ്ട് ഇത്തവണ തുടക്കം മുതലേ ആഞ്ഞുപിടിച്ചെങ്കിലും കുശാഗ്രബുദ്ധികളായ അമിത് ഷാ – നരേന്ദ്ര മോദി കൂട്ടുകെട്ടിനു മുന്നിൽ ഒരിക്കൽക്കൂടി കോൺഗ്രസിന് അടിതെറ്റി.

21 സീറ്റു നേടിയെങ്കിലും രണ്ടു സീറ്റിൽ മൽസരിച്ചു ജയിച്ച നിലവിലുള്ള കോൺഗ്രസ് മുഖ്യമന്ത്രി മുകുൾ സാങ്മ ഒരു സീറ്റ് ഒഴിയേണ്ടിവരുന്നതോടെ ഫലത്തിൽ കോൺഗ്രസിന് 20 എംഎൽഎമാരുടെ പിന്തുണയാണ് ഉണ്ടാവുകയെന്ന അവസ്ഥയുമുണ്ട്. ‘ജനവിധി ശരിക്കും ഞങ്ങൾക്ക് അനുകൂല’മായിരുന്നുവെന്ന പതിവു പല്ലവി ആവർത്തിക്കാനേ ഇപ്പോഴും അവർക്കാകുന്നുള്ളൂ.

സംസ്ഥാനത്ത് ഒൻപതു വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് തോൽക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനമെങ്കിലും ഫലം വന്നപ്പോൾ മറിച്ചാണു സംഭവിച്ചത്. കാര്യമായ പരുക്കു കൂടാതെ കോൺഗ്രസ് പിടിച്ചുനിന്ന ഏക സംസ്ഥാനമായി മേഘാലയ മാറി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റു മാത്രം വേണ്ട മേഘാലയയിൽ 21 സീറ്റു നേടിയ അവർ മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. ആദ്യ ഫലസൂചനകളിൽ മുന്നേറ്റം വ്യക്തമായപ്പോൾത്തന്നെ മുതിർന്ന നേതാക്കളായ കമൽനാഥ്, അഹമ്മദ് പട്ടേൽ, സി.പി. ജോഷി, മുകുൾ വാസ്നിക് എന്നിവരെ കോൺഗ്രസ് ഹൈക്കമാൻഡ് ഷില്ലോങ്ങിലേക്ക് അയച്ചതുമാണ്. എന്നാൽ, ഇവരുടെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്കും അനുഭവസമ്പത്തിനും രക്ഷിച്ചെടുക്കാനാകുന്നതിനും അപ്പുറത്തായിരുന്നു ബിജെപിയുടെ സ്വാധീമെന്നതാണ് സത്യം.

ഒരുകാലത്ത് പാർട്ടിയിലെ നിർണായക സാന്നിധ്യമായിരുന്ന് പിന്നീടു മറുകണ്ടം ചാടിയ ഹിമാന്ത ബിശ്വ ശർമയെന്ന ആ പഴയ ‘കോൺഗ്രസുകാരൻ’ എതിർപാളയത്തിലിരുന്ന് രണ്ടു സീറ്റു നേടിയ ബിജെപിക്കായി സർക്കാർ രൂപീകരിക്കാൻ നേതൃത്വം കൊടുക്കുന്നതും പാർട്ടിക്കു കാണേണ്ടി വന്നു. 2015 വരെ കോൺഗ്രസ് അംഗമായിരുന്ന ബിശ്വ ശർമ രാഹുൽ ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപി പാളയത്തിലേക്കു ചേക്കേറുകയായിരുന്നു. അന്നു മുതൽ രാഹുൽ ഗാന്ധിയുടെ ‘അപക്വമായ നേതൃത്വ’ത്തിന്റെ കടുത്ത വിമർശകനുമാണ് അസം ധനകാര്യമന്ത്രി കൂടിയായ ഇദ്ദേഹം.

മേഘാലയയിലെ രാഷ്ട്രീയ പശ്ചാത്തലവും രാഷ്ട്രീയ സാഹചര്യങ്ങളും അറിയാത്തതുകൊണ്ടാണ് കമൽനാഥിനെയും അഹമ്മദ് പട്ടേലിനെയും പോലുള്ള മുതിർന്ന നേതാക്കളെ കോൺഗ്രസ് ഇവിടേക്ക് അയച്ചതെന്ന് പറഞ്ഞ് ഒന്നു ‘കുത്താനും’ ബിശ്വ ശർമ മറന്നില്ല. രാഹുൽ ഗാന്ധിയിൽ രാഷ്ട്രീയ പക്വതയുടെയും പാകതയുടെയും പൊടിപോലും കാണുന്നില്ലെന്ന പതിവ് ആരോപണം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.