Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റു പാർട്ടികൾ ജയിച്ചത് സാരമില്ല, കോൺഗ്രസിന്റെ തോൽവിയാണ് മുഖ്യം: കണ്ണന്താനം

Alphons Kannanthanam

ന്യൂഡൽഹി∙ മേഘാലയയിൽ കോൺഗ്രസിനെ തോൽപ്പിക്കുന്നതിനാണു പ്രാധാന്യം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇവിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ച കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. കോൺഗ്രസിനു ഭരണം നഷ്ടമായ സാഹചര്യത്തിൽ പ്രാദേശിക കക്ഷികളുടെ വിജയം ബിജെപി സാരമാക്കുന്നില്ലെന്നും കണ്ണന്താനം ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ മറികടന്ന് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബിജെപി സർക്കാരുണ്ടാക്കിയതിനു പിന്നാലെയാണു കണ്ണന്താനത്തിന്റെ പ്രതികരണമെത്തിയത്.

‘ഞങ്ങളുടെ പ്രചാരണം ശ്രദ്ധിക്കൂ. കോൺഗ്രസിനു കുറഞ്ഞ വോട്ടു മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനായിരുന്നു ശ്രമം. കൂടുതൽ സീറ്റുകളിൽ ജയിക്കണമെന്നതും ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അതിനൊപ്പം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നില്ലെന്ന് ഉറപ്പിക്കേണ്ടതുമുണ്ടായിരുന്നു. പ്രാദേശിക പാർട്ടികളുടെ ജയത്തിനു ഞങ്ങൾ വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. പ്രാദേശിക പാർട്ടികൾക്കെതിരെ പ്രചാരണ സമയത്ത് ബിജെപി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല’ – കണ്ണന്താനം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ സഖ്യചർച്ചകൾ നടത്തിയ ബിജെപി അഞ്ചോളം പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തി മേഘാലയയിൽ ഭരണം ഉറപ്പാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, കിരൺ റിജ്ജു, അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശർമ എന്നിവരാണു ബിജെപിയുടെ സർക്കാർ രൂപീകരണ ചർച്ചകൾക്കു ചുക്കാൻ പിടിച്ചത്. 47 സീറ്റുകളിൽ മൽസരിച്ചു രണ്ടു സീറ്റു മാത്രമേ നേടാനായിരുന്നുള്ളൂവെങ്കിലും പ്രാദേശിക കക്ഷികൾ പിന്തുണച്ചതോടെയാണു ബിജെപിക്ക് ഇവിടെ സർക്കാർ രൂപീകരണം സാധ്യമായത്.

19 സീറ്റ് നേടിയ എൻപിപിക്കൊപ്പം രണ്ടു സീറ്റുള്ള ബിജെപിയും എട്ടു സീറ്റുള്ള യുഡിപി സഖ്യവും ചേർന്നാണ് 29 സീറ്റ് ആയത്. ഇവർക്കു കെഎച്ച്എൻഎഎമ്മിന്റെ ഒരു എംഎൽഎയുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയും ലഭിക്കുമെന്നാണു സൂചന. ഇതോടെ 33 പേരുടെ ഭൂരിപക്ഷവുമായി സഖ്യം സുരക്ഷിതനിലയിലെത്തും.

related stories