Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പ്: ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനെയും ശിഖ ശർമയേയും ചോദ്യം ചെയ്യുന്നു

PNB Punjab National Bank ശിഖ ശർമ, ചന്ദ കൊച്ചാർ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ നീരവ് മോദിയുടെ വ്യവസായ പങ്കാളി മെഹുൽ സി. ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിനു വായ്പ ലഭ്യമാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടു പ്രമുഖ ബാങ്ക് മേധാവികളെ അന്വേഷണസംഘം വിളിച്ചു വരുത്തിയതായി റിപ്പോർട്ട്. കമ്പനികാര്യ മന്ത്രാലയത്തിൽ, ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കുന്ന വിഭാഗം (എസ്എഫ്ഐഒ–സീരിയസ് ഫ്രോഡ്സ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) ആണ് ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാർ, ആക്സിസ് ബാങ്ക് എംഡി ശിഖ ശർമ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

31 ബാങ്കുകളുടെ കൺസോർഷ്യമാണ് ഗീതാഞ്ജലി ഗ്രൂപ്പിനു പണം നൽകിയത്. ഇതിനു നേതൃത്വം നൽകുന്നത് ഐസിഐസിഐ ബാങ്കും. കേസിൽ വ്യക്തത വരുത്താനാണു വിളിപ്പിച്ചതെന്നും ഇരുവരും കുറ്റാരോപിതരല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണെന്നാണു വിവരം. ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടറെ ചോദ്യം ചെയ്യാൻ സിബിഐയും വിളിച്ചു വരുത്തിയിട്ടുണ്ട്.

നീരവ് മോദിക്കു പണമൊന്നും നൽകിയിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് നേരത്തേ അറിയിച്ചതാണ്. അതേസമയം ഗീതാഞ്ജലി ഗ്രൂപ്പിനു വായ്പ നൽകിയിട്ടുമുണ്ട്. ഇരു കമ്പനികൾക്കും വായ്പയെടുക്കാനുള്ള ജാമ്യപത്രം (എൽഒയു–ലെറ്റർ ഓഫ് അണ്ടർടേക്കിങ്) നൽകിയിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കി. നീരവ് മോദിക്കും ഗീതാഞ്ജലി ഗ്രൂപ്പിനും ആക്സിസ് ബാങ്ക് എൽഒയു നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് മേധാവികള്‍ക്ക് സമൻസ് അയച്ചു വിളിപ്പിച്ചത്. ബാങ്കുകളിൽ വായ്പയ്ക്കു പണയമായി നൽകിയിരിക്കുന്നത് എന്തെല്ലാമാണെന്നതിലുൾപ്പെടെയുള്ള കാര്യങ്ങളിൽ എസ്എഫ്ഐഒ വിശദീകരണം തേടും.

മെഹുൽ സി. ചോക്സിയുടെ സ്ഥാപനങ്ങൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ചുള്ള പരാതി പ്രധാനമന്ത്രിയുടെ ഓഫിസിനും കമ്പനികാര്യ മന്ത്രാലയത്തിനും 2015 മേയിൽ ലഭിച്ചിരുന്നു. വിവാദ സ്ഥാപനങ്ങളുമായി ബന്ധമുണ്ടായിരുന്ന വൈഭവ് ഖുറാനിയയാണു സുപ്രധാന ഓഫിസുകളിലേക്കു പരാതി അയച്ചത്.

എസ്എഫ്ഐഒ ഡയറക്ടർ നിലിമേഷ് ബറുവയ്ക്കു നൽകിയ പരാതിയുടെ പകർപ്പുകൾ പ്രധാനമന്ത്രിയുടെ ഓഫിസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെബി എന്നിവയ്ക്കും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന സർക്കാരുകൾക്കും കൈമാറി. ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെയും വിവിധ ഉപ സ്ഥാപനങ്ങളുടെയും സിഎംഡി മെഹുൽ സി. ചോക്സിയെയും ഉദ്യോഗസ്ഥരെയും പ്രതി ചേർ‌ത്തായിരുന്നു പരാതി.

ചെറുകിട നിക്ഷേപകർ മാത്രമല്ല, കൊഡാക് മഹീന്ദ്ര, പഞ്ചാബ് നാഷനൽ ബാങ്ക്, ഐസിഐസിഐ, എൽഐസി എന്നിവയും തട്ടിപ്പിനിരയായിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ചോക്സിയുടെ കമ്പനിക്കു 4000 കോടി രൂപയുടെയെങ്കിലും ബാങ്ക് വായ്പകളുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിനു 450 കോടി രൂപയും അലഹബാദ് ബാങ്കിനു 400 കോടിയും ഐസിഐസിഐയ്ക്കു 300 കോടി രൂപയും നൽകാനുണ്ട്.

കോർപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽനിന്നും വായ്പ വാങ്ങിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പിഎൻബി തട്ടിപ്പു കേസിൽ ഇതുവരെ ഇരുപതോളം പേരാണ് അറസ്റ്റിലായിരിക്കുന്നത്.