Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് ബഹിരാകാശ നിലയം ഉടൻ ഭൂമിയിൽ പതിക്കും; അപകടമുനമ്പിൽ കേരളവും

Tiangong 1

ബെയ്ജിങ്∙ ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ‘ടിയാൻഗോങ്–1’ ആഴ്ചകൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. എന്നാൽ എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. നിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂവെന്നാണഉ ശാസ്ത്രജ്ഞരുടെ നിലപാട്. നിലയം പതിക്കാൻ സാധ്യത ഏറ്റവും കൂടിയ സ്ഥലങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎസിന്റെ എയ്റോ സ്പേസ് കോർപ്പറേഷന്റെ നിഗമനമനുസരിച്ച് ടിയാൻഗോങ്–1 ഏപ്രിൽ ആദ്യം ഭൗമാന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. എന്നാൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രവചനപ്രകാരം മാർച്ച് 24നും ഏപ്രിൽ 19നും ഇടയ്ക്ക് നിലയം താഴേക്കു പതിക്കും.

Read: ചൈനീസ് നിലയത്തിന്റെ വീഴ്ച; അങ്കലാപ്പിൽ ഗവേഷകർ

2016ലാണു നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചത്. നിലയത്തിന്റെ ഒരു ഭാഗം ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്റോ സ്പേസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വിഷലിപ്തവും ദ്രവീകരണശേഷിയുള്ളതുമായ അപകടകരമായ ഹൈഡ്രസിൻ ഇന്ധനം ബഹിരാകാശ നിലയം വഹിക്കുന്നുണ്ടെന്നും അവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയിൽ പതിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

2011ലാണ് 8500 ടൺ ഭാരമുള്ള ‘ടിയാൻഗോങ് ഒന്ന്’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ(ഐഎസ്എസ്) ചൈന വികസിപ്പിച്ചതാണ് ടിയാൻഗോങ്. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. നിലവിൽ ആളുകളില്ലാതെയാണ് ടിയാൻഗോങ് വിക്ഷേപിച്ചിരിക്കുന്നത്.