Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെനിന്റെ പ്രതിമ തകര്‍ത്തത് അംഗീകരിക്കാനാകില്ല: ബിജെപിക്കെതിരെ മമത

mamata-banerjee മമതാ ബാനർജി

കൊല്‍ക്കത്ത∙ ത്രിപുരയിലെ രാഷ്ട്രീയ സംഘർഷത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകര്‍ത്തതു ശരിയല്ലെന്നു പറഞ്ഞ മമത, സിപിഎം പ്രവർത്തകർക്ക് എതിരായ ആക്രമണത്തെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ബിജെപി പ്രവർത്തകർ വ്യാപകമായി സിപിഎം ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു മമതയുടെ പ്രതികരണം.

‘ഞാൻ സിപിഎമ്മിന് എതിരാണ്. മാർക്സും ലെനിനും എന്റെ നേതാക്കളല്ല. സിപിഎമ്മിന്റെ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നയാളാണ് ഞാൻ. അതുപോലെ ബിജെപിയുടെ ആക്രമണങ്ങളെയും അംഗീകരിക്കാനാകില്ല. ആരും പ്രതിഷേധിക്കുന്നതു കാണുന്നില്ല. പക്ഷെ പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയേ പറ്റൂ. ഞങ്ങൾ പ്രതിരോധിക്കും’– മമത വ്യക്തമാക്കി.

ത്രിപുരയിൽ ഭരണം കിട്ടിയെന്നു കരുതി മാർക്സ്, ലെനിൻ, ഗാന്ധിജി തുടങ്ങിയവരുടെ പ്രതിമകൾ തകർക്കുന്നത് അംഗീകരിക്കാനാകില്ല. ആളുകളെ കൊല്ലുന്നതും പ്രതിമ തകർക്കുന്നതുമല്ല അധികാരത്തിൽ വരുന്നവരുടെ പണി. എല്ലാവരെയും ബഹുമാനിക്കണം. വ്യത്യസ്ത നേതാക്കള്‍ ചേരുന്നതാണു ലോകം. ഇടതു ഭരണകാലത്തു സിംഗൂരിലും നന്ദിഗ്രാമിലും ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ സിപിഎമ്മിനെതിരെ തന്റെ പാർട്ടി പ്രതികാരം കാണിച്ചില്ലെന്നും മമത ചൂണ്ടിക്കാട്ടി.

അതേസമയം, ത്രിപുരയില്‍ മറ്റൊരു ലെനിന്‍ പ്രതിമ കൂടി അക്രമികള്‍ തകര്‍ത്തു. സബ്രൂം മോട്ടോര്‍സ്റ്റാന്റിലെ പ്രതിമയാണു തകര്‍ത്തത്. നേരത്തെ, തെക്കന്‍ ത്രിപുരയിലെ ബലോണിയയില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ബുൾ‌ഡോസര്‍ ഉപയോഗിച്ചു നശിപ്പിച്ചിരുന്നു. സിപിഎമ്മിനു പുറമെ കോണ്‍ഗ്രസിനെതിരെയും വ്യാപക അക്രമമുണ്ടെന്നാണു റിപ്പോർട്ട്. കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫിസ് ബിജെപി ബലമായി പിടിച്ചെടുത്തു കൊടിനാട്ടിയതായി യൂത്ത് കോണ്‍ഗ്രസ് ത്രിപുര ജനറല്‍ സെക്രട്ടറി പൂജന്‍ ബിശ്വാസ് അറിയിച്ചു.

related stories