Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഛോട്ടാ മോദി’ എവിടെയെന്നു പ്രതിപക്ഷം; രണ്ടാം ദിനവും പാർലമെന്റിൽ ബഹളം

Loksabha

ന്യൂ‍‍ഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പ്രതിഷേധ ബഹളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും നേരത്തേ പിരിഞ്ഞു. പിഎൻബി തട്ടിപ്പ്, ആന്ധ്രാപ്രദേശിനു പ്രത്യേക പദവി, തെലങ്കാനയിൽ ന്യൂനപക്ഷങ്ങൾക്കും അവശ വിഭാഗങ്ങൾക്കുമുള്ള സംവരണം വർധിപ്പിക്കൽ, കാവേരി നദീജല തർക്കം തുടങ്ങിയ വിഷയങ്ങളിലാണ് ബഹളമുണ്ടായത്.

പിഎൻബി തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു സഭ സമ്മേളിക്കുന്നതിനു മുൻപു കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിനു പുറത്തു പ്രതിഷേധിച്ചു. അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്നു ലോക്സഭ ഉച്ചയ്ക്കു 12 വരെ നിർത്തിവച്ചു. ഒരു മാസത്തെ ഇടവേളയ്ക്കുശഷം തിങ്കളാഴ്ച സഭകൾ സമ്മേളിച്ചപ്പോഴും പ്രതിപക്ഷ ബഹളത്തെ തുടർന്നു സഭ ഉടനെ പിരിഞ്ഞിരുന്നു.

ആന്ധ്ര, പിഎൻബി വിഷയങ്ങളിലെ പ്രതിഷേധത്തിനു പിന്നാലെ രാജ്യസഭ ആദ്യം രണ്ടു മണിവരെയും പിന്നീട് മൂന്നര വരെയും നിർത്തിവച്ചു. സഭ തുടരാനാകില്ലെന്നു കണ്ടതോടെ ഇന്നത്തേക്കു പിരിഞ്ഞു. രാവിലെ ലോക്സഭ സമ്മേളിച്ചപ്പോൾ പിഎൻബി തട്ടിപ്പിനെക്കുറിച്ചു ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നു പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു. എന്നാൽ, ‘ചെറിയ മോദി (നീരവ്) എവിടെപ്പോയി? നീരവ് മോദിയെ തിരിച്ചു കൊണ്ടുവരിക’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെ കോൺഗ്രസ് ബഹളംവച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും കാവേരി നദീജല വിഷയത്തിൽ തമിഴ്നാട്ടിലെ എംപിമാരുടേതടക്കം പ്രതിഷേധം കനത്തപ്പോൾ ലോക്സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു.

അതേസമയം, സഭ എത്രയേറെ പ്രക്ഷുബ്ധമായാലും മാർച്ച് 31നു മുൻപ് ഇരു സഭകളും ബജറ്റ് പാസാക്കേണ്ടതുണ്ട്. എങ്കിലേ ഏപ്രിൽ ഒന്നിനു തുടങ്ങുന്ന സാമ്പത്തിക വർഷത്തിൽ സർക്കാർ ചെലവുകൾക്കു വേണ്ട തുക അനുവദിക്കാനാകൂ. മാത്രമല്ല, സാമ്പത്തിക തട്ടിപ്പു നടത്തി നാടുവിടുന്നവർക്കെതിരെയുള്ള ബില്ലിനും ഇരു സഭകളുടെയും അനുമതി ലഭിക്കണം. അതിനിടെ, ലക്ഷക്കണക്കിനു തൊഴിലാളികളെ ബാധിക്കുന്ന ഗ്രാറ്റുവിറ്റി ഭേദഗതി ബിൽ ചർച്ചയില്ലാതെ ലോക്സഭയിൽ പാസാക്കാൻ ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണയായെന്നു റിപ്പോർട്ടുണ്ട്.

related stories