Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യയ്ക്ക് സൗദി വ്യോമപാത തുറുന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു

air-india

ന്യൂഡൽഹി∙ ഇസ്രയേലിലേക്കു പറക്കുന്ന എയർ ഇന്ത്യയുടെ വിമാനങ്ങൾക്കു വ്യോമപാത തുറന്നുകൊടുക്കാൻ സൗദി അറേബ്യ തയാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. എന്നാൽ സൗദി അധികൃതർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു നെതന്യാഹു.

സൗദി അറേബ്യ ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെങ്കിലും എഴുപതുവർഷം പഴക്കമുള്ള വ്യോമപാത തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. മേഖലയിൽ ഇറാന്റെ സാന്നിധ്യം വർധിക്കുന്നതും ഇരുരാജ്യങ്ങളെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസം മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു നടപ്പായിരുന്നില്ല. നിലവിൽ ഇസ്രയേലിന്റെ ടെൽ അവീവ് – മുംബൈ വിമാനങ്ങൾ ഏഴു മണിക്കൂറെടുത്താണ് ഇന്ത്യയിലെത്തുന്നത്. ചെങ്കടൽ, ഗൾഫ് ഓഫ് ഏദൻ എന്നിവ കടന്നുവേണം വിമാനങ്ങൾക്ക് ഇന്ത്യയിലെത്താൻ. ടെൽ അവീവിൽനിന്നു നേരെ പറന്നാൽ സൗദി അറേബ്യ, യുഎഇ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെ ഇന്ത്യയിലേക്കു പ്രവേശിക്കാനാകും.