Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഫോഴ്സ്മെന്റിന് ഇനി കാർത്തിയെ അറസ്റ്റുചെയ്യാം; ഹർജി സുപ്രീംകോടതി തള്ളി

INDA-MINISTER/

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിലുള്ള കാർത്തി ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിനു സുപ്രീംകോടതിയുടെ പച്ചക്കൊടി. ഇഡിയുടെ അറസ്റ്റ് തടയുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ തനിക്കെതിരെ നടത്തുന്ന നീക്കങ്ങൾ തടയണമെന്ന ഹർജിയാണു തള്ളിയത്.

സിബിഐയുടെ കസ്റ്റഡി അവസാനിക്കുന്നതിനു പിന്നാലെ ഇഡി കാർത്തിയെ കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയുണ്ടെന്ന് അഡ്വ. കപിൽ സിബൽ വാദിച്ചു. അവരുമായി എല്ലാത്തരത്തിലും സഹകരിക്കാൻ തയാറാണ്. ഇതുവരെയും അങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ. അറസ്റ്റിനെക്കുറിച്ച് ആശങ്കയുണ്ടെന്നും കാർത്തിക്കു വേണ്ടി കപിൽ സിബൽ കോടതിയെ അറിയിച്ചു. തനിക്കു യാതൊരു ബന്ധവുമില്ലാത്ത ഐഎൻഎക്സ് മീഡിയ കേസിലേക്കു തന്നെ വലിച്ചിഴയ്ക്കുകയാണെന്നു കാർത്തി ഹർജിയിൽ പറഞ്ഞിരുന്നു.

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ൽ മാധ്യമസ്ഥാപനമായ ഐഎൻഎക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങൾ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാർത്തി ഇവരെ വഴിവിട്ടു സഹായിച്ചെന്നായിരുന്നു ആദ്യ ആരോപണം. കഴിഞ്ഞവർഷം മേയിലാണു സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.