Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടാക്കമ്പൂർ ഭൂമി: ജോയ്സ് ജോർജ് എംപിക്കു പൊലീസിന്റെ ക്ലീൻ ചിറ്റ്

Joyce George

തൊടുപുഴ∙ കൊട്ടാക്കമ്പൂർ ഭൂമി വിവാദത്തിൽ ജോയ്സ് ജോർജ് എംപിക്കു പൊലീസിന്റെ ക്ലീൻ ചിറ്റ്. ജോയ്സ് ജോർജിനു ഭൂമി ലഭിച്ചതു നിയമപരമായാണെന്നു മൂന്നാർ ഡിവൈഎസ്പി റിപ്പോർട്ട് നൽകി. കൂടുതൽ രേഖകൾ കണ്ടെത്താനാകാത്തതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് തൊടുപുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.

ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കർ ഭൂമിയുടെ പട്ടയമാണ് കഴിഞ്ഞ നവംബർ 11ന് സർക്കാർ റദ്ദാക്കിയത്. വ്യാജ പട്ടയത്തിലൂടെ സർക്കാരിന്റെ തരിശുഭൂമി കയ്യേറിയതാണെന്നു ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണു പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണു ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമുള്ളത്. ഇതിൽ 28 ഏക്കറിന്റെ പട്ടയമാണു റദ്ദാക്കിയത്.

ജോയ്സ് ജോർജ്, ഭാര്യ അനൂപ, ജോയ്സിന്റെ സഹോദരങ്ങളായ ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, സഹോദരി ഭർത്താവ് ഡേവിഡ് ജോബ്, മറ്റൊരു സഹോദരൻ ജസ്റ്റിന്റെ ഭാര്യ ജിസ്, മാതാവ് മേരി ജോർജ് എന്നിവർ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണു റദ്ദാക്കിയത്. ജോയ്സിനും ഭാര്യയ്ക്കും മാത്രമായി ഇതിൽ എട്ട് ഏക്കറാണുള്ളത്.

കൊട്ടാക്കമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽ നിന്നു 2001ൽ ജോയ്‌സിന്റെ പിതാവ് ജോർജ് 32 ഏക്കർ ഭൂമി പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്നു 2014ൽ ആണു കലക്‌ടർക്ക് ആദ്യം പരാതി ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തുകയും പിന്നീട് ആ വസ്തു സ്വന്തമാക്കുകയും ചെയ്തെന്നാണ് ആരോപണം.

related stories