Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവിനും മുൻപേ കബളിപ്പിക്കപ്പെട്ട് ബാങ്കുകൾ; ഡിസംബർ വരെ കിട്ടാക്കടം 8,40,958 കോടി

Nirav Modi

ന്യൂഡൽഹി ∙ നീരവ് മോദി ക്രമക്കേട് പുറത്തു വന്നത് ഈ വർഷമാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചാബ് നാഷണൽ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2420 കോടി രൂപയും വിവിധ ക്രമക്കേടുകൾ വഴി നഷ്ടം വന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഡിസംബർ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി രൂപയാണെന്നും മറ്റൊരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതൽ ക്രമക്കേടിന് ഇരയായത് പഞ്ചാബ് നാഷണൽ ബാങ്കാണ്. നീരവ് മോദി കേസ് പുറത്തു വന്നപ്പോൾ രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ബാങ്ക് ക്രമക്കേട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ 2017 മാർച്ച് 31–ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകൾക്ക് എല്ലാം കൂടി 2718 കേസുകളിലായി 19533 കോടി രൂപ നഷ്ടം വന്നതായി പറയുന്നു. ഈ കേസുകൾ ഏതൊക്കെയാണെന്ന് മന്ത്രാലയം വെളിപ്പെടുത്തുന്നില്ല. 

ഒരു ചെറിയ സംഘം വ്യക്തികൾക്ക് രാജ്യത്തെ വലിയ ബാങ്കുകളെ കബളിപ്പിക്കാമെന്നും എല്ലാ ചട്ടങ്ങളും മാർഗ്ഗനിർദേശങ്ങളും നിയന്ത്രണങ്ങളും മറികടക്കാമെന്നും ഈ ക്രമക്കേടുകൾ വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 11 ബാങ്കുകളെ പിസിഎ പട്ടികയിൽ പെടുത്തിയിരിക്കയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ള അറിയിച്ചു. (പിസിഎ എന്നാൽ പ്രോംപ്റ്റ് കറക്ടീവ് ആക്‌ഷൻ –എത്രയും വേഗം തിരുത്തൽ നടപടി –ആവശ്യമുള്ളത്).

ഓരോ ബാങ്കുകളുടെയും കിട്ടാക്കടം ഇക്കഴിഞ്ഞ ഡിസംബർ വരെ  (കോടി രൂപയിൽ)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 201560    

പഞ്ചാബ് നാഷനൽ ബാങ്ക്  55200    

െഎഡിബിഎ ബാങ്ക്  44542    

ബാങ്ക് ഓഫ് ഇന്ത്യ  43474    

ബാങ്ക് ഓഫ് ബറോഡ 41649

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 38047

കാനറ ബാങ്ക് 37794

െഎസി‌‌ഐസിഐ ബാങ്ക് 33849

ഇന്ത്യൻ ഓവർസീസ് ബാങ്ക് 31724  

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 32491  

യൂക്കോ ബാങ്ക് 24308   

അലഹബാദ് ബാങ്ക് 23120    

ആന്ധ്രാ ബാങ്ക് 21599    

കോർപറേഷൻ ബാങ്ക് 21818.