Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണു തുറക്കണം, കാണണം; കുഞ്ഞുങ്ങൾക്ക് ‘ഭൂമിയിലെ നരക’മാണ് സിറിയ!

Syria Kids Conflict കിഴക്കൻ ഗൂട്ടായിൽ ബോംബാക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിലെത്തിയ കുട്ടികൾ (ഫയൽ ചിത്രം)

ബെയ്റൂട്ട്∙ സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ലക്ഷക്കണക്കിനു കുരുന്നുകൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഭീകരത ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന (യുഎൻ). സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സേനയും റഷ്യയും ചേർന്നു വിമതർക്കെതിരെ നടത്തുന്ന യുദ്ധത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്. യുദ്ധം കനത്തിരിക്കുന്ന കിഴക്കൻ ഗൂട്ടാ കുട്ടികളെ സംബന്ധിച്ച് ‘ഭൂമിയിലെ നരക’മായിരിക്കുകയാണെന്നും യുഎന്നിന്റെ കുട്ടികൾക്കായുള്ള വിഭാഗമായ യുനിസെഫ് വ്യക്തമാക്കി.

നാലു ലക്ഷത്തോളം പേർ കിഴക്കൻ ഗൂട്ടായിൽ കഴിയുന്നുണ്ട്. മേഖലയിൽ ഭക്ഷണമോ മരുന്നോ എത്തിക്കാനാകുന്നില്ല. കഴിഞ്ഞ ദിവസം അവശ്യവസ്തുക്കളുമായുള്ള യുഎന്നിന്റെ ഒരു വാഹനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ അതിൽ നിന്നു ചില മരുന്നുകൾ മനഃപൂർവം എടുത്തുമാറ്റി. മാത്രവുമല്ല കിഴക്കൻ ഗൂട്ടായിൽ മരുന്നുകളും ഭക്ഷണവും ഇറക്കുന്നതിനിടെ യുദ്ധം കനത്തു. അതോടെ എത്തിച്ച വസ്തുക്കൾ പാതിയും ഇറക്കുന്നതിനു മുൻപേ തിരികെ പോരേണ്ടി വന്നെന്നും യുനിസെഫ് തലപ്പത്തുള്ള ഹെൻറിയാറ്റ ഫോർ പറഞ്ഞു.

എത്രയും പെട്ടെന്ന് കുട്ടികൾക്കെങ്കിലും അവിടെ സഹായമെത്തിക്കണം. അതിനുള്ള അവസരമെങ്കിലും തങ്ങൾക്കു നൽകണമെന്നും യുനിസെഫ് സിറിയയോട് അഭ്യർഥിച്ചു. മുൻപു പലപ്പോഴുമായി ഉണ്ടായിട്ടുള്ള ആഭ്യന്തര യുദ്ധത്തിൽ ഒട്ടേറെ പേരാണു സിറിയ വിട്ടു രക്ഷപ്പെട്ടത്. 58 ലക്ഷത്തോളം പേർ ഇത്തരത്തിൽ പലായനത്തിലാണ്. ചിലർ രാജ്യത്തിനകത്തും ശേഷിക്കുന്നവർ പുറത്തേക്കും പലായനം ചെയ്യുന്നു. എന്നാൽ ഇവരിൽ പകുതിയിലേറെ പേരും കുട്ടികളാണ്. സിറിയയിലെ യുദ്ധം കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുന്നത് എന്നതിനു വേറെന്തു തെളിവാണു വേണ്ടത്?– ഹെൻറിയാറ്റ ചോദിക്കുന്നു.

കുടുംബങ്ങളുമായി വേർപിരിയേണ്ടി വന്ന കുട്ടികൾക്കാണ് ഈയവസരത്തിൽ ഏറ്റവും പ്രശ്നം. അത്തരക്കാരെ കണ്ടെത്തി തിരികെ കുടുംബങ്ങളിലെത്തിക്കാനാണ് യുനിസെഫിന്റെ ശ്രമം. എന്നാൽ കിഴക്കന്‍ ഗൂട്ടായിൽ അതിനെപ്പറ്റി ചിന്തിക്കുക പോലും വേണ്ട. അത്രയേറെ കഠിനമായ അവസ്ഥയിലൂടെയാണ് അവിടെ കുട്ടികൾ കടന്നു പോകുന്നത്. ഇടവേള പോലുമില്ലാത്ത വിധത്തിലാണ് ഗൂട്ടായിലെ ബോംബാക്രണം. ആ അക്രമം മുഴുവൻ കുട്ടികൾ കാണുന്നുണ്ട്, അവിടത്തെ മരണങ്ങളും അവർ കാണുന്നു, അവരുടെ കണ്മുന്നിൽ വച്ച് മറ്റുള്ളവരുടെ കയ്യും കാലുമെല്ലാം ചിതറിത്തെറിക്കുന്നു. ഇതോടൊപ്പം അവിടെ ഭക്ഷണമോ വെള്ളമോ ഇല്ല. രോഗങ്ങളും പടർന്നുപിടിക്കാനൊരുങ്ങുകയാണ്– ഹെൻറിയാറ്റ പറയുന്നു. 

ഫെബ്രുവരി 18നാണ് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യം റഷ്യൻ പിന്തുണയോടെ വിമർക്കെതിരെ ആക്രമണം ശക്തമാക്കിയത്. കിഴക്കൻ ഗൂട്ടായുടെ അയൽപ്രദേശമായ ദമാസ്കസിലേക്കു വിമതർ ഷെല്ലാക്രമണം നടത്തുന്നത് തടയാനായിരുന്നു നീക്കം. ഇതു പിന്നീട് കനത്ത ആക്രമണത്തിലേക്കു തിരിയുകയായിരുന്നു. ഇതിനോടകം ആയിരക്കണക്കിനു സാധാരണക്കാർ കൊല്ലപ്പെട്ടു കഴിഞ്ഞതായി മേഖലയിൽ നിരീക്ഷണം നടത്തുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു.

30 ദിവസത്തെ വെടിനിർത്തലിന് യുഎന്‍ സുരക്ഷാകൗൺസിൽ ആവശ്യപ്പെട്ടെങ്കിലും സിറിയ സമ്മതിച്ചിട്ടില്ല. വെടിനിർത്തൽ കരാർ വിമതർക്കു ബാധകമല്ലെന്നും അവരെ ഭീകരരായി കണ്ടാണ് ആക്രമണം നടത്തുന്നതെന്നും സിറിയ വ്യക്തമാക്കി. അതേസമയം രാജ്യാന്തര തലത്തിൽ പോലും കിഴക്കൻ ഗൂട്ടായിലെ ജനങ്ങൾക്കു വേണ്ടി ശബ്ദമുയരാത്തത് യുഎന്നിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ യുഎന്നിനു കീഴിലെ രാഷ്ട്രങ്ങളെ കനത്ത ഭാഷയിൽ സംഘടന വിമർശിക്കുകയും ചെയ്തിരുന്നു.