Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭയിലേക്ക് അങ്കം മുറുകി; യുപിയിലും മധ്യപ്രദേശിലും ബിഎസ്പി – കോൺഗ്രസ് ധാരണ

Mayawati

ന്യൂഡൽഹി ∙ 59 രാജ്യസഭാ സീറ്റുകളിലേക്കു നാമനിർദേശപത്രിക നൽകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ, യുപിയിൽ ബിഎസ്പിയുടെ രാജ്യസഭാ സ്ഥാനാർഥിക്കു കോൺഗ്രസ് പിന്തുണ. പകരം, മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയെ ബിഎസ്പി പിന്തുണയ്ക്കും. 

പത്തു സീറ്റാണ് യുപിയിൽ ഒഴിവുള്ളത്. ബിജെപിക്ക് എട്ടുപേരെ ജയിപ്പിക്കാം. ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടി (എസ്പി) ജയിക്കും. മൊത്തം 19 എംഎൽഎമാരുള്ള ബിഎസ്പിക്ക് അവരുടെ സ്ഥാനാർഥിയായ ഭീംറാവു അംബേദ്കറെ ജയിപ്പിക്കാൻ 18 വോട്ടുകൂടി വേണം. ജയാ ബച്ചന്റെ ജയം ഉറപ്പാക്കിയ എസ്പിക്കു 10 വോട്ട് മിച്ചമുണ്ട്. അതും കോൺഗ്രസിന്റെ ഏഴും രാഷ്ട്രീയ ലോക്‌ദളിന്റെ ഒരു വോട്ടുംകൂടി ഉറപ്പാകുന്നതോടെ ബിഎസ്പിയുടെ സ്ഥാനാർഥിയും ജയിക്കുന്ന സ്ഥിതിയായി.

ഗുജറാത്തിലെ നാലിൽ രണ്ടു വീതം ബിജെപിക്കും കോൺഗ്രസിനും ലഭിക്കും. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ പട്ടികയിലുള്ളത് അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചു തോറ്റവരാണെന്നും പുതിയ പട്ടിക നൽകാൻ ഹൈക്കമാൻഡ് നിർദേശിച്ചെന്നുമാണ് സൂചന. രാജ്യസഭയിലേക്കു വരാൻ താൽപര്യമില്ലെന്നു ഭരത് സിങ് സോളങ്കി വ്യക്തമാക്കിയതായും പാർട്ടിവൃത്തങ്ങൾ പറയുന്നു. 

ജാർഖണ്ഡിൽ രണ്ടു സീറ്റിൽ ഒരെണ്ണം ബിജെപിക്ക് ഉറപ്പാണ്. രണ്ടാം സീറ്റിലേക്കു കോൺഗ്രസിന്റെ സ്ഥാനാർഥിയെ പിന്തുണയ്ക്കാമെന്നു ജെഎംഎം ഉറപ്പു നൽകിയിട്ടുണ്ട്. ബിഎസ്പി, സിപിഐ (എംഎൽ), ജെവിഎം (2) എന്നിവയുടെ വോട്ടുകളും ഉറപ്പായാൽ കോൺഗ്രസ് സ്ഥാനാർഥിക്കും അനായാസം ജയിക്കാം.

രണ്ടു സീറ്റിൽ ജയം ഉറപ്പുള്ളപ്പോഴും ആന്ധ്രയിലെ മൂന്നാമത്തെ സീറ്റിലും മൽസരിക്കാനാണു ടിഡിപിയുടെ ആലോചന. ഒരു സീറ്റ് നേടാൻ വൈഎസ്ആർ കോൺഗ്രസ് ശ്രമിക്കുന്നു. ബിജെപിക്കു നാല് എംഎൽഎമാരുണ്ട്. കേന്ദ്രത്തിലെ മന്ത്രിമാരെ രാജിവയ്പിച്ചെങ്കിലും എൻഡിഎയിൽനിന്നു ടിഡിപി പിൻമാറാത്തതു ബിജെപി എംഎൽഎമാരുടെ വോട്ടുകൂടി നേടി മൂന്നാം സ്ഥാനാർഥിയെ ജയിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലാണെന്നു സൂചനയുണ്ട്. രണ്ടു സീറ്റുള്ള മധ്യപ്രദേശിൽ കോൺഗ്രസിനു ജയിക്കാവുന്ന ഒരു സീറ്റിലേക്കു പ്രമോദ് തിവാരി, ശോഭ ഓജ, സുരേഷ് പച്ചൗരി തുടങ്ങിയവരാണ് ഹൈക്കമാൻഡ് പട്ടികയിലുള്ളത്. 

മൂന്നു സീറ്റും ബിജെഡിക്കു നേടാവുന്ന ഒഡീഷയിൽ, രാഷ്ട്രീയക്കാരല്ലാത്തവരെ സ്ഥാനാർഥിയാക്കില്ലെന്ന വാക്കിൽനിന്നു മുഖ്യമന്ത്രി നവീൻ പട്നായിക് പിൻമാറി. ബിജെഡി നേതാവ് പ്രശാന്ത് നന്ദ, സംബാദ് ദിനപത്രത്തിന്റെ ഉടമ സൗമ്യ രഞ്ജൻ പട്നായിക്, വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ അച്യുത സാമന്ദ എന്നിവർക്കാണ് ടിക്കറ്റ്. ഇതിൽ, സൗമ്യ രഞ്ജൻ പട്നായിക്കും സാമന്ദയും ടിക്കറ്റ് ലഭിക്കുന്നതിനു മണിക്കൂറുകൾ മുൻപാണു ബിജെഡിയിൽ ചേർന്നത്. പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ജെയ് പാണ്ഡയുടെ കുടുംബത്തിന്റേതാണ് ഒഡിയ ചാനലായ ഒടിവി. പാണ്ഡ ശത്രുപാളയത്തിലായതിന്റെ നഷ്ടം സൗമ്യ രഞ്ജൻ പട്നായിക്കും സാമന്ദയും ചേർന്നു നികത്തുമെന്നാണ് പട്നായിക്കിന്റെ പ്രതീക്ഷ. സാമന്ദയ്ക്കു മുതൽമുടക്കുള്ള കലിംഗ ടിവി നേരത്തേ തന്നെ സർക്കാരിന്റെ വക്താക്കളുടെ റോളിലാണ്. 

ബിജെപി ടിക്കറ്റിൽ  നാരായൺ റാണെ

ആറു സീറ്റുള്ള മഹാരാഷ്ട്രയിൽ ബിജെപിക്കു മൂന്നു സീറ്റിലും കോൺഗ്രസിനും എൻസിപിക്കും ശിവസേനയ്ക്കും ഓരോ സീറ്റിലും ജയിക്കാം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർക്കു പുറമെ ആരെയൊക്കെ മൽസരിപ്പിക്കുമെന്നു ബിജെപി വ്യക്തമാക്കിയിട്ടില്ല. 2005ൽ ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്ന്, കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസിൽനിന്നു മാറിയ മുൻ മുഖ്യമന്ത്രി നാരായൺ റാണെയ്ക്കു ബിജെപി സീറ്റ് വാഗ്ദാനം ചെയ്തെന്നും അദ്ദേഹം സമ്മതിച്ചെന്നുമാണു വിവരം. വന്ദനാ ചവാനാണ് എൻസിപിയുടെ സ്ഥാനാർഥി; ശിവസേനയുടേത് അനിൽ േദശായ്. സുശീൽ ഷിൻഡെ, രജനി പാട്ടീൽ, രാജീവ് ശുക്ല തുടങ്ങിയവരാണ് കോൺഗ്രസിന്റെ സീറ്റിനായി ശ്രമിക്കുന്നത്. 

കർണാടകയിൽ പിത്രോദ വിവാദം

കർണാടകയിലെ നാലു സീറ്റിൽ മൂന്നിലും തങ്ങൾക്കു സ്ഥാനാർഥിയുണ്ടാകുമെന്നാണു കോൺഗ്രസ് വ്യക്തമാക്കുന്നത്. ആരൊക്കെയെന്നു തീരുമാനിച്ചിട്ടില്ല. ഒരു സീറ്റ് വിജയിക്കാൻ സാധിക്കുന്ന ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സാം പിത്രോദയ്ക്കു സീറ്റു നൽകണമെന്നു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെന്നും കർണാടകക്കാരെ മാത്രമെ മൽസരിപ്പിക്കുകയുള്ളൂവെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാടെടുത്തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അങ്ങനെയൊരാവശ്യം ഹൈക്കമാൻഡ് ഉന്നയിച്ചിട്ടില്ലെന്നാണു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. പിത്രോദയെ ജയിപ്പിക്കണമെങ്കിൽ കർണാടകയിൽതന്നെ നിർത്തണമെന്നില്ല. വർഷത്തിൽ 100 ദിവസത്തോളം രാജ്യസഭയിലുണ്ടായിരിക്കാൻ തനിക്കു സാധിക്കില്ലെന്നും അതിനാൽ താൽപര്യമില്ലെന്നും പിത്രോദ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു സീറ്റിൽ വിജയമുറപ്പുള്ള കോൺഗ്രസ്, മൂന്നാം സീറ്റിൽ ജെഡി–എസ് വിമതരുടെ വോട്ടുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. 

യച്ചൂരിക്ക് അവസരം നൽകിയില്ല; സിപിഎമ്മിന്റെ  വഴിയടഞ്ഞു

തോൽക്കുമെന്ന് 100% ഉറപ്പോടെ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നതു ബംഗാളിലെ സിപിഎമ്മാണ്. അഞ്ചിൽ നാലു സീറ്റും തൃണമൂൽ നേടുമെന്ന് ഉറപ്പാണ്. അഞ്ചാമത്തെ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയെ അല്ലെങ്കിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മൽസരിപ്പിക്കാമെന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. യച്ചൂരി വേണ്ട, സ്വതന്ത്രൻ സ്വീകാര്യനെങ്കിൽ സമ്മതമെന്നു സിപിഎം പ്രതികരിച്ചു. എന്നാൽ, തങ്ങളുടെ മിച്ചം വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് സിങ്‌വിക്കു നൽകാമെന്നു മമത ബാനർജി വാഗ്ദാനം ചെയ്തതോടെ സിപിഎം കളത്തിൽനിന്നു പുറത്തായി. 

അഭിഷേകിനു ജയിക്കാൻ സിപിഎമ്മിന്റെ വോട്ടു വേണ്ട. വോട്ടുകൾ ആർക്കും ചെയ്യാതെ പാഴാക്കേണ്ടെന്ന ചിന്തയിലാണു രബിൻ ദേവിനെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. തപൻ സെന്നിന്റെ രാജ്യസഭാ കാലാവധി അടുത്ത മാസം രണ്ടിന് അവസാനിക്കുന്നതോടെ, ബംഗാളിൽനിന്നു സിപിഎമ്മിന് രാജ്യസഭയിൽ പ്രതിനിധിയില്ലാതാവും.

പൊതുസ്വതന്ത്രനെ മൽസരിപ്പിക്കാൻ തങ്ങളും കോൺഗ്രസ് ബംഗാൾ ഘടകവുമായുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് അഭിഷേകിനെ പിന്തുണയ്ക്കാമെന്ന് മമത പ്രഖ്യാപിച്ചതെന്ന് സിപിഎം വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസല്ല, മമതയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മമതയുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ സാധിക്കാത്തതിനാലാണ് തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴും സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നതെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.