Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനത്തെ ആവേശംകൊള്ളിച്ച് കമൽ ഹാസന്റെ പര്യടനം; ഇന്ന് ഈറോഡ് നഗരത്തിൽ

Kamal-Hassan കമൽ ഹാസന്റെ ഞായറാഴ്ചത്തെ പര്യടനത്തിന് തുടക്കമായപ്പോൾ. (മക്കൾ നീതി മയ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം)

കോയമ്പത്തൂർ/ഈറോഡ് ∙ തമിഴകത്തിന്റെ പടിഞ്ഞാറൻ ജില്ലകളിൽ ജനത്തെ ഇളക്കി മറിച്ച് ഉലകനായകൻ കമൽ ഹാസൻ നടത്തുന്ന പര്യടനം ഇന്നു തുടരും. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ കമൽ തിരുപ്പൂർ ജില്ലയിൽ അവിനാശിയിലും ഈറോഡ് പെരുന്തുറയിലും ജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്ന് അദ്ദേഹം ഈറോഡ് നഗരത്തിലെത്തും.

അനിവാര്യമായ മാറ്റത്തിനു പിന്തുണയേകാൻ തന്റെ രാഷ്ട്രീയ കക്ഷിയായ മക്കൾ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടിയിൽ കമൽ ആഹ്വാനം ചെയ്തു. ജനത്തെ സമ്മേളനങ്ങളിലേക്ക് എത്തിക്കുന്നതല്ല, മറിച്ചു താഴേത്തട്ടിൽ ജനങ്ങളിലേക്ക് എത്തുന്നതിലൂടെയാണു മാറ്റം സാധ്യമാകുകയെന്നു കമൽ പറഞ്ഞു. 

അത്തിക്കടവ്–അവിനാശി ജലപദ്ധതി നടപ്പാക്കുന്നതിനെ കാലങ്ങളായി താൻ അനുകൂലിക്കുന്നതാണെന്ന് അത്തിക്കടവ്–അവിനാശി ജലപദ്ധതിക്കായി സമരം നടത്തുന്നവരുടെ പന്തലിലെത്തിയ കമൽ ഹാസൻ പറഞ്ഞു. കാവേരി നദീജലത്തർക്കം അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പരാമർശിച്ചു. അവിനാശിയിലേക്കുള്ള യാത്രാ മധ്യേ കോയമ്പത്തൂർരാജ്യാന്തര വിമാനത്താവളത്തിലെത്തിയ കമൽഹാസന് പാർട്ടി പ്രവർത്തകരും ആരാധകരും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. 

ഇന്നലെ ഉച്ചയ്ക്ക് 1.15ന് മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് കമൽ എത്തിയത്. കമൽഹാസന്റെ ചിത്രം ആലേഖനം ചെയ്ത ടീഷർട്ടുകൾ ധരിച്ചും, ചിത്രം ഉയർത്തിപ്പിടിച്ചും നിരവധി പേരാണ് വിമാനത്താവള പരിസരത്തെത്തിയത്. കമൽഹാസനെ കണ്ടതും നമ്മവർ,നമ്മവർ എന്ന് ജനം ആർത്തു വിളിച്ചു. ഇൗറോഡ് ജില്ലാ അതിർത്തിയായ പെരുന്തുറയിൽ എത്തിയപ്പോഴും വൻ ജനാവലി സ്വീകരിക്കാനെത്തിയിരുന്നു.