Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾക്ക് വേദങ്ങളിൽ പരിഹാരം: പ്രധാനമന്ത്രി മോദി

Narendra Modi

ന്യൂഡൽഹി ∙ കാലാവസ്ഥാ വ്യതിയാനം തീർക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേദങ്ങളിലേക്കുള്ള മടക്കം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിയിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തിന്റെ ആത്മാവായും ജീവദാതാവായുമാണു വേദങ്ങൾ സൂര്യനെ പരിഗണിക്കുന്നതെന്നു മോദി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരം തേടുമ്പോൾ ഈ പരമ്പരാഗത ആശയങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് സഹായകരമാകുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ലോകവ്യാപകമായ സൗരോർജ വിപ്ലവം സൃഷ്ടിക്കുന്നതിന് പത്തിന കർമപരിപാടിയും മോദി മുന്നോട്ടുവച്ചു. എല്ലാ രാജ്യങ്ങൾക്കും സൗരോർജ സാങ്കേതിക വിദ്യ ലഭ്യമാക്കുക, ഊർജ ഉപയോഗത്തിലെ സൗരോർജത്തിന്റെ പങ്ക് വർധിപ്പിക്കുക, സൗരോർജ മേഖലയിൽ പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മോദിയുടെ പത്തിന കർമപരിപാടിയിലുള്ളത്.

ഇന്ത്യയുടെ സൗരോർജ വൈദ്യുത പദ്ധതികൾക്കു പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കാനും ഭാവി വികസനത്തിനു സഹായകമാവുകയും ചെയ്യുന്ന രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിക്ക് ഇന്നു രാവിലെയാണ് തുടക്കമായത്. സൗരോർജം വികസിപ്പിക്കുന്നതിൽ ആധുനിക സാങ്കേതികവിദ്യ കൈവശമുള്ള ഫ്രാൻസും ഓസ്ട്രേലിയയും ഉൾപ്പെടെ 25 രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കളാണു രാഷ്ട്രീയപ്രാധാന്യമുള്ള ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 

സൗരോർജ സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറാൻ ഫ്രാൻസും ഇന്ത്യയും ഇന്നലെ സുപ്രധാന കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ശ്രീലങ്കയിൽ അടിയന്തരാവസ്ഥ നിലനിൽക്കുകയാണെങ്കിലും പ്രസിഡന്റ് മൈത്രിപാല സിരിസേന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നു യുഎസ് പിന്മാറിയ ശേഷം, സൗരോർജം യഥേഷ്ടം ലഭ്യമായ 17 രാജ്യങ്ങൾ ചേർന്നു രൂപം നൽകിയതാണ് ഇന്റർനാഷനൽ സോളർ അലയൻസ്. ഇപ്പോൾ അംഗങ്ങളായുള്ളത് 121 രാജ്യങ്ങൾ. 

ഈ രാഷ്ട്രങ്ങളിലെ നേതാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും സമ്മേളനത്തിനു നേതൃത്വം നൽകുകയും ചെയ്യുന്നതുവഴി ഹരിത രാഷ്ട്രീയ (ഗ്രീൻ പൊളിറ്റിക്സ്) രംഗത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ അംഗീകാരം നേടിയെടുക്കുകയാണ്. 2030 ആകുമ്പോഴേക്കും 1000 ഗിഗാവാട്ട് സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.