Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരയാത്രയ്ക്കു ശുഭാന്ത്യം; മുംബൈയിൽ വിജയക്കൊടി പാറിച്ച് കർഷകർ

Farmer Protest ആസാദ് മൈതാനത്തു പ്രതിഷേധവുമായെത്തിയ കർഷക സംഘം.

മുംബൈ∙ നാസിക്കിൽ നിന്നു മുംബൈയിലേക്കു കാൽനടയായി പതിനായിരക്കണക്കിനു കർഷകർ നടത്തിയ സമരയാത്രയ്ക്കു ശുഭാന്ത്യം. കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നു മഹാരാഷ്ട്ര സർക്കാർ രേഖാമൂലം അറിയിച്ചു.

Mumbai-Farmer-Kisan-Sabha

കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കൽ, വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ കാൽനട ജാഥ. ഇവ നടപ്പിലാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ആറംഗ സമിതിയെയും നിയോഗിച്ചു. ചീഫ് സെക്രട്ടറിയായിരിക്കും സമിതിക്കു നേതൃത്വം നൽകുക. സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഈ മാസം ഏഴിനാണു നാസിക്കിൽ നിന്ന് കാൽനടജാഥ ആരംഭിച്ചത്. 

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ കർഷകരുമായി തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ നടത്തിയ അടിയന്തര ചർച്ചയിലാണു തീരുമാനം. ഇതോടെ നാളുകൾ നീണ്ട പ്രതിഷേധത്തിനും അവസാനമായി. കർഷകരുടെ പ്രതിനിധികളായി എട്ടു പേരാണു ചർച്ചയിൽ പങ്കെടുത്തത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനായിരുന്നു തീരുമാനം. സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ കർഷകർക്കു സ്വദേശത്തേക്കു മടങ്ങിപ്പോകാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുമെന്നു ജലസേചന വകുപ്പു മന്ത്രി ഗിരിഷ് മഹാജൻ അറിയിച്ചു.

Kisan Sabha Farmer Protest ആസാദ് മൈതാനത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു.വി.നായർ

കർഷകർക്കു പിന്തുണയറിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അഹംഭാവം മാറ്റിവച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. വിധാൻ സഭയിലേക്കെത്തിയ കർഷകരുടെയും ഗോത്രവിഭാഗക്കാരുടെയും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഫഡ്നാവിസ് അറിയിച്ചിരുന്നു. നിയമസഭയിൽ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയിൽ വിഷയം അവതരിപ്പിക്കുമെന്നു ശിവസേനയും അറിയിച്ചിരുന്നു. 

കർഷകർ ഞായറാഴ്ച രാത്രി തമ്പടിച്ച സയണിലെ സോമയ്യ മൈതാനത്തു നിന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടിന് സിഎസ്ടിക്കു മുന്നിലെ ആസാദ് മൈതാനത്തേക്കു പുറപ്പെട്ടു. രാവിലെ ആസാദ് മൈതാനത്ത് എത്തിച്ചേർന്നു. വിവിധ സിലബസുകളിലെ പത്താംക്ലാസ് പരീക്ഷകൾ നടക്കുന്നതിനാൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനു റാലി തടസ്സമാകരുതെന്നു കരുതിയാണ് ഗതാഗത തടസ്സം സൃഷ്ടിക്കാതെ റാലി പുലർച്ചെ നടത്തിയത്. ആസാദ് മൈതാനത്തു തമ്പടിച്ച കർഷകർ ചർച്ചയിൽ എന്താവും തീരുമാനമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. അതിനിടെ പിന്തുണയുമായി ഒട്ടേറെപ്പേർ മൈതാനത്തെത്തി. നഗരത്തിൽ കനത്ത സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. 

നാസിക്കിൽ നിന്നു മുംബൈയിലേക്കുള്ള 182 കിലോമീറ്റർ ദൂരവും സ്ത്രീകളും മധ്യവയസ്കരും ഉൾപ്പെടെയുള്ളവർ നടന്നെത്തുകയായിരുന്നു. പൊരിവെയിലിൽ പ്രതിദിനം നടന്നതു ശരാശരി 35 കിലോമീറ്റർ. ഓരോ പ്രദേശത്തുനിന്നും വൻതോതിൽ ആളുകൾ റാലിയിൽ ചേർന്നു. അഖിലേന്ത്യ കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മലയാളി വിജു കൃഷ്ണനും സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. സിപിഐയും പെസന്റ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയും മാർച്ചിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തിൽ സമീപകാലത്തു നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്.