Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്ര ന്യൂനമർദമാകും; ചുഴലിക്കാറ്റിനു സാധ്യത കുറവെന്നു കാലാവസ്ഥാ നിരീക്ഷകർ

വർഗീസ് സി. തോമസ്
Author Details
prd-image-meeting ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം.

പത്തനംതിട്ട ∙ കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു പടിഞ്ഞാറായി മേഘമേലാപ്പിന്റെ കുടനിവർത്തിയെത്തിയ ന്യൂനമർദം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അതിശക്‌ത ന്യൂനമർദമായി (ഡീപ്പ് ഡിപ്രഷൻ) മാറും. തുടർന്ന് ശക്തിപ്പെടാതെ കെട്ടടങ്ങാനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം (ഐഎംഡി) വിശദീകരിച്ചു. ന്യൂനമർദ്ദത്തിന്റെ ഫലമായി മധുരയിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മഴ പെയ്തു.

ചുഴലിക്കു (സൈക്ലോൺ) തൊട്ടു മുൻപുള്ള ഘട്ടമാണ് തീവ്ര ന്യൂനമർദം. ഇതിന്റെ ഫലമായി കന്യാകുമാരിയിലും ലക്ഷദ്വീപിലും തീരത്ത് ചുഴലിസമാനമായ കാറ്റു വീശും. മഴയും ലഭിക്കും. കേരളത്തിന്റെ ചില ഭാഗത്ത് ചൊവ്വാഴ്ച നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.  ലോ പ്രഷർ, ഡിപ്രഷൻ, ഡീപ്പ് ഡിപ്രഷൻ, സൈക്ലോൺ, സിവിയർ സൈക്ലോൺ, വെരി സിവിയർ സൈക്ലോൺ, സൂപ്പർ സൈക്ലോൺ എന്നിങ്ങനെ ഏഴു ഘട്ടങ്ങളാണ് ചുഴലിക്കാറ്റിനുള്ളത്. 

ഇപ്പോഴത്തേ  ന്യൂനമർദം മൂന്നാം ഘട്ടം വരെയെത്താൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്‌ധമായിരിക്കും. കരയിൽ സാമാന്യം മഴ ലഭിക്കും. കേരള തീരത്ത് തിരമാലകളുടെ ഉയരം മൂന്നു മീറ്ററിൽ കൂടുതലായിരിക്കും. കൊല്ലത്ത് ഇത് 3.8 മീറ്റർ വരെയാകുമെന്ന് ഹൈദരാബാദ് ഇൻകോയ്‌സ്  അറിയിച്ചു. മാർച്ച് 15 വരെ കേരള തീരത്തെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണു മുന്നറിയിപ്പ്. വടക്കൻ  കേരളത്തിനും ഇത് ബാധകമാണ്. 

മാർച്ചിൽ അപൂർവം

മാർച്ച് മാസത്തിൽ ദക്ഷിണേന്ത്യയിൽ  ന്യൂനമർദങ്ങൾ രൂപപ്പെടുന്നത് അപൂർവ പ്രതിഭാസമാണെന്നു കാലാവസ്‌ഥാ ഗവേഷകർ പറയുന്നു. 1891 മുതൽ 2017 വരെയുള്ള 126 വർഷത്തിനിടയിൽ ആകെ ഏഴു തവണ മാത്രമാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദങ്ങൾ പിറവിയെടുത്തിട്ടുള്ളതെന്ന്  കാലാവസ്‌ഥാ വകുപ്പു പറയുന്നു. ഇതിൽ രണ്ടെണ്ണം മാത്രമാണ്  കന്യാകുമാരി തീരത്തു നിന്നുണ്ടായത്.   വരാൻ പോകുന്ന മൺസൂണിനു മുന്നോടിയായ ശുഭലക്ഷണമായാണ് സ്വകാര്യ കാലാവസ്‌ഥാ ഏജൻസിയായ സ്‌കൈമെറ്റ് ഈ ന്യൂനമർദത്തെ വിശേഷിപ്പിക്കുന്നത്.

നടപടികൾ തൃപ്തികരമെന്ന് അവലോകനയോഗം

അതേസമയം, കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന  മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.

ജാഗ്രതാ നിർദേശം നൽകിയ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മത്സ്യബന്ധനത്തിന് പുറംകടലിൽ പോയവരെ തിരിച്ചെത്തിക്കണമെന്നും  മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുറംകടലിൽ ഉള്ളവരെ തിരിച്ചെത്തിക്കാൻ കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ  മാര്‍ച്ച 12ന്  വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ്, ഐജി മനോജ് അബ്രഹാം, ഡിഐജി ഷഫീൻ അഹമ്മദ്, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ, ഫിഷറീസ് ഡയറക്ടർ വെങ്കിടേശപതി,  ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.