ത്രിരാഷ്ട്ര ട്വന്റി20യിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം; ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്തു

ശ്രീലങ്കയ്ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. (ട്വിറ്റർ ചിത്രം)

കൊളംബോ ∙ മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം മിന്നിത്തിളങ്ങിയ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. മഴമൂലം 19 ഓവറാക്കി വെട്ടിക്കുറച്ച മൽസരത്തിൽ 153 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ, ഒൻപതു പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മനീഷ് പാണ്ഡെ 42 റൺസോടെയും ദിനേഷ് കാർത്തിക് 39 റൺസോടെയും പുറത്താകാതെ നിന്നു.

ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടു തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെ ആറു വിക്കറ്റിനു തോൽപ്പിച്ചിരുന്നു. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനോടും തോറ്റ ആതിഥേയരായ ശ്രീലങ്കയ്ക്കാകട്ടെ, മുന്നോട്ടുള്ള പ്രയാണം പ്രയാസമുള്ളതുമായി.

നേരത്തെ, മഴമൂലം വൈകിയാണ് ടോസ് മൽസരം തുടങ്ങിയത്. ഇതുവരെ ഫോമിലേക്കുയരാനാകാതെ പോയ റിഷഭ് പന്തിനു പകരം ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ തിരിച്ചെത്തി. ശ്രീലങ്കൻ നിരയിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് സസ്പെൻഷൻ നേരിടുന്ന ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലിനു പകരം സുരംഗ ലക്മലും ടീമിലെത്തി.

രക്ഷകരായി കാർത്തിക്–പാണ്ഡെ സഖ്യം

153 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് ഇക്കുറിയും രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടമായി. ഒരു സിക്സും ബൗണ്ടറിയും അടിച്ച് ഫോമിലേക്കുയരുന്നതിന്റെ സൂചന നൽകിയെങ്കിലും അഖില ധനഞ്ജയയുടെ പന്തിൽ മെൻഡിസിന് ക്യാച്ച് സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങി. ഏഴു പന്തിൽ 11 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും അർധസെഞ്ചുറിയുമായി തിളങ്ങിയ ശിഖർ ധവാനും ഇക്കുറി നേരത്തെ പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. 10 പന്തിൽ ഒരു ബൗണ്ടറി സഹിതം എട്ടു റൺസെടുത്ത ധവാനെയും ധനഞ്ജയ തന്നെ മടക്കി.

മൂന്നാം വിക്കറ്റിൽ ഒരുമിച്ച ലോകേഷ് രാഹുൽ–സുരേഷ് റെയ്ന സഖ്യം ഇന്ത്യയ്ക്കായി രക്ഷാപ്രവർത്തനം നടത്തി. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ഇന്ത്യൻ സ്കോർ 50 കടത്തി. സ്കോർ 62ൽ എത്തിയപ്പോൾ സുരേഷ് റെയ്നയും പുറത്ത്. 15 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 27 റൺസെടുത്ത റെയ്നയെ ഫെർണാണ്ടോ പുറത്താക്കി.

പിന്നാലെ 17 പന്തിൽ 18 റൺസുമായി രാഹുലും പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ ഒരുമിച്ച പാണ്ഡെ–കാർത്തിക് സഖ്യം ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 46 പന്തുകൾ ക്രീസിൽ നിന്ന ഇരുവരും പിരിയാത്ത അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 68 റൺസ്. പാണ്ഡെ 31 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 42 റൺസോടെയും കാർത്തിക് 25 പന്തിൽ അഞ്ചു ബൗണ്ടറികൾ സഹിതം 39 റൺസോടെയും പുറത്താകാതെ നിന്നു.

മെൻഡിസ് കരുത്തിൽ ലങ്ക

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 19 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ഓപ്പണർ കുശാൽ മെൻഡിസാണ് ആതിഥേയരുടെ ടോപ് സ്കോറർ. 38 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും കണ്ടെത്തിയ മെൻഡിസ് 55 റൺസെടുത്താണ് പുറത്തായത്. ഇന്ത്യയ്ക്കായി ഷാർദുൽ താക്കൂർ നാലും വാഷിങ്ടൻ സുന്ദർ രണ്ടും വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഗുണതിലകയും മെൻഡിസും ചേർന്ന് ലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. സ്കോർ 25ൽ നിൽക്കെ ഗുണതിലകയെ മടക്കി താക്കൂർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. എട്ടു പന്തിൽ ഒരു സിക്സുൾപ്പെടെ 17 റൺെസടുത്ത ഗുണതിലകയെ സുരേഷ് റെയ്ന ഉജ്വലമായ ക്യാച്ചിലൂടെയാണ് മടക്കിയത്.

മൂന്നാമനായെത്തിയ കുശാൽ പെരേര നാലു പന്തിൽ മൂന്നു റൺസുമായി മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത മെൻഡിസ്–ഉപുൽ തരംഗ സഖ്യം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 62 റൺസ്. 24 പന്തിൽ ഒരു സിക്സും ഒരു ബൗണ്ടറിയും സഹിതം 22 റൺസെടുത്ത തരംഗയെ വിജയ് ശങ്കർ ക്ലീൻ ബൗൾഡാക്കി. ക്യാപ്റ്റൻ തിസാര പെരേര ആറു പന്തിൽ രണ്ടു സിക്സുൾപ്പെടെ 15 റൺസെടുത്ത ആക്രമിക്കാൻ ശ്രമിച്ചെങ്കിലും താക്കൂറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറി. തുടർന്നെത്തിയ ഷനക 16 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസെടുത്തെങ്കിലും മറ്റുള്ളവർക്ക് പിടിച്ചുനിൽക്കാനാകാതെ പോയതോടെ ലങ്കൻ സ്കോർ 152ൽ ഒതുങ്ങി.

ജീവൻ മെൻഡിസ് (മൂന്നു പന്തിൽ ഒന്ന്), അഖില ധനഞ്ജയ (11 പന്തിൽ അഞ്ച്), ചമീര (0) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങി. സുരംഗ ലക്മൽ അഞ്ചു റൺസോടെയും ഫെർണാണ്ടോ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി താക്കൂർ നാലും വാഷിങ്ടൻ സുന്ദർ രണ്ടും ഉനദ്കട്, ചാഹൽ, വിജയ് ശങ്കർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.