Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം: കടലിൽ കനത്ത കാറ്റിനു സാധ്യത; മത്സ്യബന്ധനത്തിനു പോയവരെ തിരികെയെത്തിക്കും

Low-Pressure-Cyclonic-Cirulation-Weather-Climante-Sea

തിരുവനന്തപുരം∙ കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന  മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.

ജാഗ്രതാ നിർദേശം നൽകിയ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. മത്സ്യബന്ധനത്തിനു പുറംകടലിൽ പോയവരെ തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുറംകടലിൽ ഉള്ളവരെ തിരിച്ചെത്തിക്കാൻ കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിർദേശം നൽകി. മഴ ശക്തമായാൽ നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നഗരസഭകളും  പൊതുമരാമത്ത് വകുപ്പും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ്, ഐ.ജി.മനോജ് അബ്രഹാം, ഡി.ഐ.ജി. ഷഫീൻ അഹമ്മദ്, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ, ഫിഷറീസ് ഡയറക്ടർ വെങ്കിടേശപതി,  ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

ശക്തിയേറിയ കാറ്റിനു സാധ്യത

കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യൂനമര്‍ദം ശക്തമായി തുടരുകയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതു ശക്തമായ ന്യുനമര്‍ദം ആകുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്.

അടുത്ത 36 മണിക്കൂറില്‍ ശക്തമാകുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കായിരിക്കും സഞ്ചരിക്കുക. തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാല ദ്വീപിനു സമീപമെത്തുമ്പോൾ അതീവശക്തി പ്രാപിക്കും. 

കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. തിരമാല 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നാണു മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലദ്വീപിനു സമീപവും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനം നടത്തരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ബുധനാഴ്ച വരെ ഈ മുന്നറിയിപ്പ് നിലനിൽക്കും. തെക്കൻകേരളത്തിൽ 14 വരെ കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്നു നിരീക്ഷണകേന്ദ്രം അറിയിച്ചു.