Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ബജറ്റ് വിഹിതം ‘തുച്ഛം’; സേനയുടെ കയ്യിൽ പഴഞ്ചൻ ആയുധങ്ങൾ: ഞെട്ടിപ്പിച്ച് റിപ്പോർട്ട്

Indian Army soldiers

ന്യൂഡൽഹി∙ ചൈനയും പാക്കിസ്ഥാനും തങ്ങളുടെ ആയുധശേഖരം വർധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുമ്പോൾ ആവശ്യത്തിനു ബജറ്റ് വിഹിതം പോലും ലഭ്യമാകാതെ ഇന്ത്യൻ പ്രതിരോധ വകുപ്പ്. പെട്ടെന്നൊരു യുദ്ധമുണ്ടായാൽ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന് അനുവദിച്ചിട്ടില്ല. സൈന്യത്തിൽ പൂർണതോതിൽ ആധുനികീകരണം നടപ്പാക്കി പാക്ക്–ചൈനീസ് സൈന്യം മുന്നേറുമ്പോഴാണിത്. ഇന്ത്യൻ സൈന്യം ആവശ്യത്തിന് പണം അനുവദിക്കാതെ ഗുരുതര പ്രശ്നത്തിലാണെന്നും ലോക്സഭയ്ക്കു മുന്നിൽ സമർപ്പിച്ച സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പഠിച്ച് പാർലമെന്ററി സമിതി തയാറാക്കിയ റിപ്പോർട്ടിലാണു സൈന്യത്തിനു നേരെയുള്ള ഗുരുതര ‘അവഗണനയുടെ’ വിവരങ്ങളുള്ളത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ഉൾപ്പെടെ സംസാരിച്ചാണു സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ ചൈനയിൽ നിന്നും പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാനിൽ നിന്നും ഭീഷണി ശക്തമാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുരാജ്യങ്ങളും ചേർന്നൊരു യുദ്ധമുന്നേറ്റം ഇന്ത്യയ്ക്കു നേരെയുണ്ടാകാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. 

രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്കനുസരിച്ച് പ്രതിരോധത്തിലും പണം വിനിയോഗിക്കണമെന്ന് അടുത്തിടെ സൈനിക തലവൻ ബിപിൻ റാവത്ത് ആവശ്യപ്പെട്ടിരുന്നു. യുഎസിനോളം വളരാൻ ചൈന ശ്രമിക്കുമ്പോൾ സൈന്യത്തിലെ ആധുനികീകരണത്തിനു പോലും പണമില്ലാതെ ഇന്ത്യ ബുദ്ധിമുട്ടുകയാണെന്ന് സഹസൈനിക മേധാവി (വൈസ് ചീഫ്) ലഫ്. ജനറൽ ശരത് ചന്ദും സമിതിക്കു മുൻപാകെ വ്യക്തമാക്കി. 

സൈന്യത്തിന്റെ 68 ശതമാനം ആയുധങ്ങളും ‘പഴഞ്ചനാ’യിക്കഴിഞ്ഞു. ആവശ്യത്തിനു പണം അനുവദിച്ചില്ലെങ്കിൽ ഈ 68% ആയുധങ്ങളുടെ അറ്റകുറ്റപ്പണിയും കൃത്യസമയത്ത് നടത്താനാകില്ല. തവണ വ്യവസ്ഥയിൽ പണം നൽകാമെന്നേറ്റു നേരത്തേ നടത്തിയ ആയുധ ഇടപാടുകളിൽ തിരിച്ചടവു പോലും ഒരുപക്ഷേ മുടങ്ങിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. 2018–19 വർഷത്തെ കേന്ദ്ര ബജറ്റ് സൈന്യത്തിന്റെ പ്രതീക്ഷകളെ പൂർണമായും തച്ചുതകർക്കുന്നതായിരുന്നെന്നും ശരത് ചന്ദ് വ്യക്തമാക്കി. സൈന്യത്തിന്റെ ആധുനികീകരണത്തിന് 21,338 കോടി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് പര്യാപ്തമല്ല. 

സൈന്യം നിലവിൽ നടപ്പാക്കുന്ന 125 പദ്ധതികൾക്കും അടിയന്തരാവശ്യത്തിനുള്ള ആയുധം ശേഖരിക്കാനും തന്നെ വേണ്ടത് 29,033 കോടി രൂപയാണ്. 2017ൽ നിലനിൽക്കുന്ന ബാധ്യതകൾ പരിഹരിക്കാനുള്ള സഹായവും ഇത്തവണ ബജറ്റിലുണ്ടായിരുന്നില്ല. ആ ബാധ്യതകൾ 2018ലെ ചെലവുകളിലേക്കു കടന്നിരിക്കുകയാണെന്നും ശരത് ചന്ദ് പറഞ്ഞു. ഇതു പ്രശ്നം കൂടുതൽ ഗുരുതരമാക്കും. ചൈനീസ്–പാക്ക് ശക്തികൾ ചേർന്നൊരു യുദ്ധമെന്നത് ഇന്ത്യയ്ക്കു പ്രതീക്ഷിക്കാവുന്ന യാഥാർഥ്യമാണ്. ഈ സാഹചര്യത്തിലാണ് ആധുനികീകരണം അടിയന്തരാവശ്യമാകുന്നതും.  

ചൈനീസ് അതിർത്തിയിൽ തന്ത്രപ്രധാനയിടങ്ങളിൽ റോഡുകൾ നിർമിക്കാനാവശ്യമായ പണം പോലും സൈന്യത്തിന്റെ കയ്യിലില്ല. ഉറിയിലെയും പത്താൻകോട്ടെയും സുൻജുവാനിലെയും ഉൾപ്പെടെ അക്രമങ്ങളെ പരാമർശിച്ചു കൊണ്ടായിരുന്നു ശരത് ചന്ദ് സൈന്യത്തിന്റെ പ്രശ്നങ്ങൾ സമിതിക്കു മുൻപാകെ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിക്കു കീഴിൽ 25 പ്രോജക്ടുകൾ നിലവിൽ സൈന്യം ലക്ഷ്യമിടുന്നുണ്ട്. എന്നാൽ അതിനു വേണ്ട പണം പോലുമില്ല. ഈ സാഹചര്യത്തിൽ പദ്ധതികൾ ഒഴിവാക്കുകയല്ലാതെ വേറെ മാർഗമില്ല. 

ദോക്‌ലാമിലെ സംഘർഷം ചൂണ്ടിക്കാണിച്ചാണ് ചൈന ഉയർത്തുന്ന ഭീഷണി വർധിക്കുകയാണെന്നു ശരത് ചന്ദ് വിവരിച്ചത്. ‘ചൈനീസ് അതിർത്തിയിൽ പതിവില്ലാത്ത വിധം പട്രോളിങ് ശക്തമാക്കുന്നു, ചൈനയുടെ ഭാഗത്തു നിന്നുള്ള അതിർത്തി ലംഘനങ്ങളേറുന്നു. തിബറ്റിലും ചൈന പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. വിനിയോഗിച്ചിരിക്കുന്ന സൈനികരുടെ എണ്ണം നോക്കിയാലും അവിടങ്ങളിൽ നടക്കുന്ന സൈനികാഭ്യാസത്തിന്റെ കണക്കെടുത്താലും ചൈന രണ്ടും കൽപിച്ചാണെന്നും വ്യക്തം’– ശരത് ചന്ദ് പറഞ്ഞു. അതേസമയം പടിഞ്ഞാറൻ മേഖലയിലാകട്ടെ ഭീകരരെ സഹായിക്കാൻ പാക്കിസ്ഥാൻ അതിർത്തിക്കപ്പുറത്ത് തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതായും ശരത്ചന്ദ് വിശദീകരിച്ചു.

ബിജെപി എംപി ബി.സി.ഖണ്ഡൂരിയുടെ നേതൃത്വത്തിലായിരുന്നു പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി വിവരങ്ങൾ ശേഖരിച്ചത്. നിലവിലെ ബജറ്റ് സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഒട്ടും പര്യാപ്തമല്ലെന്ന് സമിതിയും വിലയിരുത്തി. 24 ശതമാനം ആയുധങ്ങൾ മാത്രമാണ് ‘ആധുനികം’ എന്നു പറയാനാവുകയുള്ളൂ. ശേഷിക്കുന്ന എട്ടു ശതമാനം നിർമാണത്തിലിരിക്കുന്നതാണെന്നും സമിതി വ്യക്തമാക്കി. രാജ്യത്തുണ്ടായ അതിക്രമങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 14,097 കോടി രൂപ സഹ സൈനിക മേധാവിക്കു വകയിരുത്തേണ്ടി വന്നു. 14,000 കോടിയോളം രൂപ ഇത്തരത്തിൽ വകമാറ്റാൻ പ്രതിരോധ വകുപ്പിന്റെ അനുവാദമുണ്ടെങ്കിലും ഇതിനു വേണ്ടി പ്രത്യേക തുകയും സർക്കാർ വകയിരുത്തിയിട്ടില്ല. 

‘രാജ്യത്തിന്റെ സുരക്ഷയാണു പരമപ്രധാനം. അതിനു വേണ്ടി നിലകൊള്ളുന്നവരുടെ സുരക്ഷാവിഷയത്തിൽ അലംഭാവവും പാടില്ല’– സമിതി വ്യക്തമാക്കി. ഉയർന്നുവരുന്ന ഭീഷണികൾ നേരിടാൻ സൈന്യത്തെ പര്യാപ്തമാക്കുന്നതിനുള്ള എല്ലാ സഹായവും ലഭ്യമാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും ആധുനികീകരണം നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിലും കേന്ദ്ര സർക്കാരിനെ പാർലമെന്ററി സമിതി നിശിതമായി വിമർശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.