Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദ പാത്തി 300 കിലോമീറ്റർ അകലെയെത്തി; 24 മണിക്കൂറിനകം തീവ്രമാകും

കൊച്ചി∙ തിരുവനന്തപുരത്തിനു തെക്ക്-തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമർദ പാത്തി 300 കിലോമീറ്റർ അകലെയെത്തിയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തേ 390 കിലോമീറ്ററായിരുന്നു അകലം. അടുത്ത 24 മണിക്കൂറിനകം ഇത് അതിതീവ്ര ന്യൂനമർദമായി മാറുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ന്യൂനമർദത്തെത്തുടർന്നുള്ള പ്രശ്നങ്ങൾ കേരളത്തെ നേരിട്ടു ബാധിക്കാനിടയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതു സംബന്ധിച്ച സൂചന കേന്ദ്രത്തിൽ നിന്നു ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. എങ്കിലും സംസ്ഥാനത്ത് തീരമേഖലയിൽ അതീവ ജാഗ്രതയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും കൊച്ചിയിലും കൺട്രോൾ റൂമുകൾ തുറന്നു.  

ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പിനെത്തുടർന്ന് കേരളത്തിൽനിന്നുള്ള 41 മൽസ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിൽ അഭയം തേടിയിരിക്കുകയാണ്. കൽപേനി ദ്വീപിൽ 36 ബോട്ടുകളും 382 തൊഴിലാളികളുമാണെത്തിയത്. ബിത്രയിൽ അഞ്ചു ബോട്ടുകൾ എത്തി. കൊച്ചിയിൽനിന്നും കൊല്ലത്തുനിന്നും മൽസ്യബന്ധനത്തിനു പുറപ്പെട്ടവരാണു ബോട്ടിലുള്ളതെന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.

അതീവ ജാഗ്രതാനിർദേശം

ന്യൂനമർദം അടുക്കുന്നതിനിടെ കേരള തീരം മുഴുവൻ അതീവജാഗ്രതാ നിർദേശം. പുറംകടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാൻ കോസ്റ്റ്ഗാർഡ് ആറു കപ്പലുകളും നാലു വിമാനങ്ങളും വിന്യസിച്ചു. കോഴിക്കോട്ടു നിന്നു കടലിൽ പോയ ബോട്ടുകളെല്ലാം തിരികെയെത്തിത്തുടങ്ങി. ബേപ്പൂർ–ലക്ഷദ്വീപ് കപ്പൽ സർവീസ് താത്കാലികമായി നിർത്തിവച്ചു. അടിയന്തര ഘട്ടങ്ങൾ നേരിടാൻ പൊലീസ് സജ്ജമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന ഉയർത്തിയിരിക്കുകയാണ്. പുനരധിവാസ കേന്ദ്രങ്ങൾ തയാറാക്കാൻ കലക്ടർമാർക്കു നിർദേശം നൽകി. അടിയന്തര ഘട്ടം നേരിടാൻ തയാറാകണമെന്ന് വൈദ്യുതി ബോർഡിനും നിർദേശമുണ്ട്. തുറമുഖങ്ങളെ ബാധിക്കും വിധം ന്യൂനമർദം ശക്തി പ്രാപിക്കുമ്പോഴാണ് മൂന്നാം നമ്പർ അപായ സൂചന നൽകാറുള്ളത്. ഈ സാഹചര്യത്തിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40–50 കിലോമീറ്റർ ആയിരിക്കും. തുറമുഖത്ത് അതിശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം 60–90 കിലോമീറ്ററിലേക്കുയർന്നാൽ രണ്ടാം നമ്പർ അപായ സൂചന നൽകും, തുറമുഖം വിടുന്ന കപ്പലുകൾക്കും മറ്റു മത്സ്യബന്ധന യാനങ്ങൾക്കും അപകടമുണ്ടാക്കുന്നതായിരിക്കും അന്നേരത്തെ കാറ്റ്.

കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു. ന്യൂനമർദപാത്തി തിരുവനന്തപുരത്തിന് 300 കിലോമീറ്റർ അകലെ എത്തിയിരിക്കുകയാണ്. തെക്കു–പടിഞ്ഞാറൻ മേഖലയിലാണു തീവ്രന്യൂനമർദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി. കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിൽ ഒരുക്കുക, തീരദേശ താലൂക്ക് കൺട്രോൾ റൂമുകൾ 15 വരെ മുഴുവൻ സമയവും പ്രവർത്തിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. രാത്രിയിലും ഓഫിസിൽ ആളുണ്ടാകണമെന്നു നിർദേശമുണ്ട്. ന്യൂനമർദത്തിന്റെ ദിശയറിയാം:

ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്–വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കേരളത്തിൽ ചൊവ്വയും ബുധനാഴ്ചയും മഴയ്ക്കും കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും തിരമാലകൾ 3.2 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.