Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിൻ തകരാറിനു സാധ്യത; 47 വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ

Indigo

മുംബൈ∙ ഇൻഡിഗോ എയർലൈൻസിന്‍റെ 47 വിമാന സർവീസുകൾ റദ്ദാക്കി. പറക്കലിനിടെ എൻജിന്‍ തകരാറുണ്ടാകാൻ സാധ്യതയുള്ള വിമാനങ്ങളാണു പരിശോധനയുടെ ഭാഗമായി സർവീസ് നിർത്തിയത്. വ്യോമയാന ഡയറക്ടർ ജനറലിന്റെ നിർദേശത്തെ തുടർന്നാണു നടപടി. നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.

യാത്രയ്ക്കിടെയുണ്ടായ എൻജിൻ തകരാറിനെ തുടർന്നു കഴിഞ്ഞദിവസം ഒരു ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയിരുന്നു. തുടർന്നു പ്രാറ്റ് വിറ്റ്നി സീരീസുകളിൽപെട്ട എൻജിൻ ഘടിപ്പിച്ച എയർബസ് എ320 നിയോവിമാനങ്ങളിൽ പരിശോധന വേണമെന്നു സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ നിർദേശിച്ചു.

Read more: തകരാൻ സാധ്യതയുള്ള എയർബസ് എ320 വിമാനങ്ങൾ സർവീസ് നടത്തേണ്ടെന്ന് നിർദേശം...

ഇത്തരം എൻജിൻ ഘടിപ്പിച്ച ഇൻഡിഗോ, ഗോ എയർ വിമാന സർവീസുകള്‍ക്കു നിർദേശം തിരിച്ചടിയായി. 47 സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയതായി വെബ്സൈറ്റില്‍ അറിയിച്ചു. രണ്ടുദിവസത്തിനിടെ രാജ്യത്തെ നൂറോളം സർവീസുകളെ പരിശോധന ബാധിക്കുമെന്നാണു കരുതുന്നത്.

സര്‍വീസ് റദ്ദാക്കിയതു യാത്രക്കാരെയും വലച്ചു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിരവധി യാത്രക്കാർ കുടുങ്ങി. സർവീസ് റദ്ദു ചെയ്തതറിയാതെ എത്തിയവർക്കു പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി വിമാനകമ്പനികൾ അറിയിച്ചിട്ടുണ്ട്.