Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പ്: കർശന നടപടികളുമായി ആർബിഐ; ഇനി എൽഒയു നൽകില്ല

Nirav Modi RBI നീരവ് മോദി

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി റിസർവ് ബാങ്ക്. ഹ്രസ്വകാല വൻകിട വായ്പകൾക്ക് ഇന്ത്യൻ പൊതുമേഖലാബാങ്കുകൾ ഇനി മുതൽ ജാമ്യം നിൽക്കില്ല. ലെറ്റേഴ്സ് ഓഫ് അണ്ടർടേക്കിങ് (എൽഒയു), ലെറ്റേഴ്സ് ഓഫ് കംഫർട്(എൽഒസി) എന്നിവ റിസർവ് ബാങ്ക് നിർത്തലാക്കി. എൽഒയു ഉപയോഗിച്ചാണു നീരവ് മോദി ഉൾപ്പെടെയുള്ളവർ കോടികളുടെ വായ്പാതട്ടിപ്പു നടത്തിയത്. അതേസമയം നിലവിലെ വ്യവസ്ഥകളനുസരിച്ച് ലെറ്റർ ഓഫ് ക്രെഡിറ്റ് സംവിധാനം തുടരാൻ ആർബിഐ അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് വേണ്ടിയുള്ള വ്യാപാര വായ്പകൾക് എൽഒയുവും എൽഒസിയും നൽകുന്ന രീതി തുടരേണ്ട എന്നാണു ആർബിഐ നിർദേശം. റിസർബ് ബാങ്കിനു കീഴിലുള്ള എഡി (ഓഥറൈസ്ഡ് ഡീലർ) കാറ്റഗറി–I 
ബാങ്കുകൾക്കാണു നിർദേശം നൽകിയത്. എൽഒയു/എൽഒസി സംബന്ധിച്ചു നിലവിലുള്ള നയങ്ങൾ പുനഃപരിശോധിച്ചാണു തീരുമാനം. 

തങ്ങളുടെ ഇറക്കുമതിക്കായി ബാങ്കുകളിൽ നിന്ന് എൽഒയു  ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ വ്യാപാരികൾക്കു തിരിച്ചടിയാകുന്നതാണു തീരുമാനം. പിഎൻബി തട്ടിപ്പിനു പിന്നാലെ ചില ബാങ്കുകള്‍ എൽഒയു നൽകുന്നത് നിർത്തലാക്കിയിരുന്നു.

എന്താണ് എൽഒയു?

വിദേശവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് വിദേശത്തെ ഇടപാടുകാർക്കു പണം നൽകാൻ വിദേശ കറൻസിയിൽ വായ്പ തേടും. അതിനായി ഇന്ത്യയിലെ ബാങ്ക് ശാഖയെ സമീപിക്കുമ്പോൾ അവർ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽഒയു) എന്ന ജാമ്യപത്രം നൽകും. ഇന്ത്യൻ ബാങ്കുകളുടെ വിദേശത്തെ ശാഖയിലേക്കാണിത്.

വിദേശത്തെ ശാഖ ആ കമ്പനിക്കു നൽകുന്ന വായ്പയുടെ ബാധ്യത നാട്ടിലെ ബാങ്ക് ശാഖ ഏറ്റെടുക്കുന്നു എന്നതാണ് എൽഒയുവിന്റെ അർഥം. വൻ തുകയ്ക്കുള്ള എൽഒയു ബാങ്കിന്റെ സീനിയർ മാനേജ്മെന്റ് അംഗീകരിക്കണം എന്നാണു വ്യവസ്ഥ. നീരവ് മോദിയുടെ കാര്യത്തിൽ ഇതു നടന്നിട്ടുണ്ടോ എന്നു വ്യക്തമല്ല. ഇത്രയും വല്യ ജാമ്യംനൽകാൻ നീരവിന് പിഎൻബി ശാഖയിൽ നിക്ഷേപമില്ലായിരുന്നു എന്നും സൂചനയുണ്ട്.