Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണക്കൊടിമരം ‘ടാ’പ്പുഴയിൽ; പിന്നിൽ ടിപ്പുവിന്റെ പടയോട്ടമോ, കുടിപ്പകയോ?

കാർത്തിക് തെക്കേമഠം

കോട്ടയം ∙ നൂറ്റാണ്ടുകൾക്കു മുൻപ് കുടിപ്പക മൂത്ത തറവാട്ടുകാർ ഒരു ക്ഷേത്രം പൂർണമായും നശിപ്പിച്ച് അവിടത്തെ സ്വർണ കൊടിമരം പിഴുത് പുഴയിലെറിഞ്ഞെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. ഇന്നത്തെക്കാലത്ത് ഇല്ലെന്ന് പറയാമെങ്കിലും മണ്ണിനും നെല്ലിനും വേണ്ടിവരെ ജന്മികുടുംബങ്ങള്‍ പോരടിച്ച കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കാമെന്നാണ് നാട്ടുമൊഴി. കോട്ടയം ജില്ലയിലെ അയർകുന്നം പഞ്ചായത്തിലാണ് വിശ്വാസവും ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന ‘ടാപ്പുഴ’ എന്ന വാമൊഴി ചരിത്രകഥകളിലെ സ്ഥലം. 

മീനച്ചിലാർ സമൃദ്ധമായി ഒഴുകുന്ന ഈ പ്രദേശത്ത് പുഴ 'ട' മാതൃകയിലാണ് ഒഴുകുന്നത്. പ്രദേശത്ത് ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിച്ചാലാണ് ഇത് ഭംഗിയായി മനസിലാക്കുക. ‘ട’ മാതൃകയിൽ നദി ഒഴുകുന്ന സ്ഥലത്തിനു ടാപ്പുഴയെന്നു പേരു വന്നെന്നു ചരിത്രം. ഇവിടത്തെ ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്വർണക്കൊടിമരത്തിനു പിന്നിലെ കഥയും കേട്ടുവരുന്നത്. ടിപ്പു സുൽത്താന്റെ കേരളത്തിലേക്കുള്ള പടയോട്ട കാലത്താണ് ഇവിടുത്തെ പഴയ ശ്രീകൃഷ്ണക്ഷേത്രം തകർക്കപ്പെട്ടത് എന്നു പറയപ്പെടുന്നു.

tapuzha-map

എന്നാൽ ടിപ്പുവല്ല, പ്രദേശത്തെ പ്രമുഖ തറവാട്ടുകാർ തമ്മിലുള്ള കുടിപ്പകയ്ക്കു ക്ഷേത്രം ഇരയായി മാറുകയായിരുന്നെന്നും മറുപക്ഷമുണ്ട്. മീനച്ചിലാറിന്റെ കരയിൽ ചെറിയ കുന്നു പോലെയുണ്ടായിരുന്ന ഇടത്താണ് പഴയ ക്ഷേത്രം നിലനിന്നത്. ഇരു കുടുംബങ്ങൾ തമ്മില്‍ തര്‍ക്കം മൂർച്ഛിച്ചപ്പോള്‍ ക്ഷേത്രം തകർത്ത് അവിടുത്തെ സ്വർണക്കൊടിമരം പിഴുത് അടുത്ത പുഴയിലെറിയുകയായിരുന്നു എന്നു പഴമക്കാർ കൈമാറിയ ചരിത്രം ഇവിടെ തലമുറകൾ കൈമറിഞ്ഞു പരക്കുന്നു. പിന്നീട് വർഷങ്ങളോളം അവിടെ ക്ഷേത്രാവശിഷ്ടങ്ങൾ മാത്രം ഒറ്റപ്പെട്ടുകിടന്നു. ആരാധനയില്ലാതായതോടെ ഇന്നത്തെ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു സമീപം ചെറിയൊരു ബാലാലയം പണികഴിപ്പിച്ച് കൃഷ്ണ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചെന്നാണ് വിശ്വാസം.

Read: ‘ടിപ്പു മിസൈൽ സാങ്കേതികവിദ്യയുടെ ആചാര്യൻ’, നാസയുടെ കേന്ദ്രത്തിലും ചിത്രം

tapuzha-main-pic

സ്വർണ കൊടിമരം സത്യമോ?

സ്വർണ കൊടിമരം പുഴയിലെറിഞ്ഞു എന്ന നാട്ടുകാരുടെ വിശ്വാസത്തിൽ എത്രത്തോളം സത്യമുണ്ടായിരിക്കും എന്ന സംശയത്തോടെയാണ് ടാപ്പുഴയിലെത്തിയത്. കൊടിമരം എറിഞ്ഞ സ്ഥലത്തെ പുഴയുടെ ഭാഗത്ത് കയവും ചെളിയും നിറഞ്ഞിട്ടുണ്ടെന്നും ക്ഷേത്രവിശ്വാസികൾ പറയുന്നു. കൃഷ്ണ ക്ഷേത്രം പഴയ പ്രൗഢി വീണ്ടെടുക്കുന്ന കാലത്ത് കൊടിമരം തിരികെ ലഭിക്കുമെന്നാണത്രെ പ്രശ്നവിധികളിൽ പറഞ്ഞത്. ഭയം മൂലം പുഴയിലിറങ്ങി ഇങ്ങനെയൊരു കൊടിമരമുണ്ടോയെന്നു പരിശോധിക്കാൻ ഇതുവരെ ആരും മുതിർന്നിട്ടില്ല. 

വർഷങ്ങള്‍ക്കു മുൻപാണ് പുതിയ ക്ഷേത്രം നിർമിക്കുന്നത്. പണ്ടു ശ്രീകൃഷ്ണക്ഷേത്രമുണ്ടായിരുന്ന സ്ഥലത്തു നിന്നും ശേഖരിച്ച അവശിഷ്ടങ്ങള്‍ കൊണ്ടാണ് ഇന്നത്തെ ക്ഷേത്രത്തിന്റെ അടിത്തറ നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹവും ശിലകളും പുതിയ സ്ഥലത്തു പുനപ്രതിഷ്ഠ നടത്തുകയായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇപ്പോഴുള്ള വിഗ്രഹത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിഗ്രഹത്തിനു വലിയതോതിൽ തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നും ക്ഷേത്രഭാരവാഹികൾ പറയുന്നു. 

ക്ഷേത്രത്തിൽ നിലവിൽ കൊടിമരമില്ല. എന്നാൽ ക്ഷേത്രത്തിലുള്ള സപ്തമാതൃക്കൾ ഉള്‍പ്പെടെയുള്ള പ്രതിഷ്ഠകൾ കൊടിമരമുള്ള ക്ഷേത്രങ്ങൾക്കു വേണ്ടിയുള്ളതാണെന്നാണ് ക്ഷേത്രാചാരങ്ങളിലെ വിദഗ്ധർ പറയുന്നത്. അതായത് ഒരിക്കൽ ഇവി‍ടെ കൊടിമരം നിലനിന്നിരുന്നു എന്നര്‍ഥം. എന്നാൽ അത് പുഴയിലുണ്ടോയെന്നതിനു ഇപ്പോഴും തെളിവൊന്നുമില്ല. 

kathanar-temple

Read: ആദ്യ ഉരുക്കു മിസൈൽ നിർമിച്ചത് ടിപ്പു സുല്‍ത്താനോ? ഒരേസമയം വിക്ഷേപിച്ചിരുന്നത് 12 മിസൈലുകൾ!

യക്ഷിയും കത്തനാരുമുള്ള ക്ഷേത്രം

ഇവിടുത്തെ ശ്രീകൃഷ്ണക്ഷേത്രത്തിനു മറ്റൊരു കൗതുകം കൂടിയുണ്ട്. പണ്ട് നാട്ടിൽ കലശലായിരുന്ന യക്ഷിയുടെ ശല്യം തീർക്കാനെത്തിയ കത്തനാരെയും ക്ഷേത്രത്തോടു ചേർന്നു കുടിയിരുത്തിയിട്ടുണ്ട്. യക്ഷിയെ തളയ്ക്കാനുള്ള കത്തനാരുടെ ശ്രമത്തിനിടെ അദ്ദേഹം മരണമടഞ്ഞു എന്നാണ് വിശ്വാസം. തുടർന്ന് യക്ഷിയെ മരത്തിലും തൊട്ടടുത്ത തറയിൽ കത്തനാരെയും കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. ഈ തറയിൽ പെരുമ്പാവൂരിൽ നിന്നടക്കം എത്തുന്ന ക്രിസ്തുമത വിശ്വാസികള്‍ മെഴുകുതിരികൾ കത്തിക്കുകയും നിവേദ്യം അർപ്പിക്കുകയും ചെയ്യാറുണ്ട്. തറയ്ക്കു മുകളിലായി ഒരു ലോഹക്കുരിശും സ്ഥാപിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.