Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് കോടതി; വനിതാ ജഡ്ജി വേണമെന്ന് നടി

Dileep-Pulsar-Suni കോടതിയിലേക്കെത്തുന്ന നടൻ ദിലീപും പൾസർ സുനിയും. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

കൊച്ചി ∙ യുവനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ദൃശ്യങ്ങൾ ഒഴികെയുള്ള മറ്റു രേഖകൾ നൽകാം. ദൃശ്യങ്ങൾ‌ നൽകണോയെന്ന് ഹൈക്കോടതി തീരുമാനിക്കും. നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് ഈ മാസം 28 ലേക്ക് മാറ്റി. വിചാരണ നടപടികള്‍ക്കായി പ്രതികളായ നടന്‍ ദിലീപും പള്‍സര്‍ സുനിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയിരുന്നു.

അതേസമയം, വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കി. രഹസ്യവിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് നടിയോടു കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകനു നിര്‍ദേശം നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനും തീയതി നിശ്ചയിക്കുക എന്ന നടപടിക്രമമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉണ്ടായത്.

2017 ഫെബ്രുവരി 17 നാണ് തൃശൂരിൽനിന്നു കൊച്ചിയിലേക്കു പോയ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. അന്വേഷണസംഘം ആദ്യ കുറ്റപത്രം നൽകിയ ശേഷമാണു ഗൂഢാലോചനക്കുറ്റത്തിനു നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത് എട്ടാം പ്രതിയാക്കിയത്. കേസിലെ മറ്റു പ്രതികൾ: കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയിൽ മാർട്ടിൻ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പിൽ മണികണ്ഠൻ, കതിരൂർ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പിൽ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തിൽ പ്രദീപ്, കണ്ണൂർ ഇരിട്ടി പൂപ്പള്ളിയിൽ ചാർലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനിൽ സനിൽകുമാർ, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടിൽ വിഷ്‌ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പിൽ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്‌വേ പാന്തപ്ലാക്കൽ അഡ്വ. രാജു ജോസഫ്.

related stories