Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിരാഷ്ട്ര ട്വന്റി20: ബംഗ്ലദേശിനെ 17 റൺസിനു തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

india-bengladesh ബംഗ്ലദേശിനെതിരെ രോഹിത് ശർമയുടെ ബാറ്റിങ്. ചിത്രം– ഐസിസി ട്വിറ്റര്‍

കൊളംബോ∙ ത്രിരാഷ്ട്ര പരമ്പരയിൽ ബംഗ്ലദേശിനെ 17 റൺസിന് തോൽപിച്ച് ഇന്ത്യ ഫൈനലിൽ. ടൂർണമെന്റിലെ മൂന്നാം ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 177 റൺസെന്ന വിജയലക്ഷ്യം ബംഗ്ലദേശിനു മുന്നില്‍ വയ്ക്കുകയായിരുന്നു. എന്നാൽ 20 ഓവറിൽ ആറു വിക്കറ്റു നഷ്ടത്തിൽ 159 റൺസെടുക്കാനെ അവര്‍ക്കു കഴിഞ്ഞുള്ളു. 

ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ (60 പന്തില്‍ 89) മികവിലാണ് ഇന്ത്യ മികച്ച വിജയലക്ഷ്യം പടുത്തുയർത്തിയത്. രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യയ്ക്കു നല്ല തുടക്കം നൽകി. 70 റൺ‌സിന്റെ കൂട്ടുകെട്ടാണു ഇരുവരും തീർത്തത്. ശിഖർ ധവാൻ 27 പന്തിൽ 35 റൺസെടുത്ത് പുറത്തായി. റുബൽ ഹൊസൈന്റെ പന്തിൽ ധവാൻ ബൗൾഡാവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിത്– സുരേഷ് റെയ്ന സഖ്യം കൂട്ടുകെട്ട് നൂറു കടത്തി. 

19–ാം ഓവറിൽ അർധ സെഞ്ചുറിക്ക് മൂന്നു റൺസ് അകലെ റെയ്ന പുറത്തായി. റുബല്‍ ഹൊസൈന്റെ പന്തിൽ സൗമ്യ സർക്കാർ‌ ക്യാച്ചെടുത്താണ് റെയ്നയെ പുറത്താക്കിയത്. അവസാന ഓവറിൽ രോഹിത് ശർമയും റണ്ണൗട്ടായി പുറത്തായി. ദിനേഷ് കാർത്തിക് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. 

മൂന്നു വിക്കറ്റു നേടിയ വാഷിങ്ടൻ സുന്ദറിന്റെ പ്രകടനാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നിരയുടെ തകർച്ചയ്ക്കു തുടക്കിമട്ടത്. ഓപ്പണർമാരായ തമീം ഇഖ്ബാൽ, ലിറ്റൻ ദാസ്, സൗമ്യ സർക്കാർ എന്നിവരെ വാഷിങ്ടൻ പുറത്താക്കി. അർധ സെഞ്ചുറി നേടിയ മുഷ്ഫിഖർ റഹീമി(55 പന്തിൽ 72)ന്റെ മികവിൽ ബംഗ്ലദേശ് മുന്നേറിയെങ്കിലും മികച്ചൊരു കൂട്ടുകെട്ട്  ഉണ്ടാക്കാനാകാത്തത് അവർക്കു തിരിച്ചടിയായി. തമീം ഇഖ്ബാൽ (19 പന്തിൽ 27), ലിറ്റൻ ദാസ് (ഏഴു പന്തില്‍ ഏഴ്), സൗമ്യ സർക്കാർ (മൂന്നു പന്തിൽ ഒന്ന്), മഹ്മൂദുല്ല (എട്ടു പന്തിൽ 11), സാബിർ റഹ്മാൻ (23 പന്തിൽ 27), ഹസൻ മിറാസ് (ആറു പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകൾ. 

മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ, യുസ്‍‍വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

related stories