Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിനു സ്റ്റേ; സർക്കാരിന് ആശ്വാസം

Shuhaib

കൊച്ചി∙ കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെ‍ഞ്ചാണ് സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണു നടപടി. സിംഗിൾ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാർ കോടതിയെ സമീപിച്ചത്. ഈ മാസം 23ന് കേസിൽ കോടതി വിശദമായ വാദം കേൾക്കും.

മട്ടന്നൂർ എടയന്നൂരിൽ 2018 ഫെബ്രുവരി 12 നാണു ഷുഹൈബ് കൊല്ലപ്പെട്ടത്. മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ബി. കെമാൽപാഷയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലയ്ക്കു പിന്നിലെ വൻ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ നേതാക്കൾ താഴേത്തട്ടിലുള്ള പ്രവർത്തകരെ ‘ബ്രെയിൻ വാഷ്’ ചെയ്തു ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണ്. ഇതിന് അറുതിയുണ്ടാകണം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഫലപ്രദമായി അന്വേഷണം നടത്താൻ സിബിഐക്കു മാത്രമേ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി നിർദേശിക്കുന്നപക്ഷം കേസ് ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.