Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി മാജിക് അവസാനിച്ചെന്ന് പിണറായി; കർണാടകയെ ‘പഠിപ്പിക്കാൻ’ വരേണ്ടെന്ന് യോഗിയോട് സിദ്ധരാമയ്യ

Pinarayi Vijayan പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

തിരുവനന്തപുരം/ ബെംഗളൂരു/ ലക്നൗ∙ നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളും വ്യാജ അവകാശവാദങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിപ്പൊക്കിയ ‘മാജിക്’ അവസാനിക്കുകയാണെന്ന സൂചനയാണു ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പു ഫലം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലെ ഔദ്യോഗിക പേജിലാണ് പിണറായി തന്റെ അഭിപ്രായം പങ്കുവച്ചത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാകട്ടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയാണ് ട്വിറ്ററിൽ ആഞ്ഞടിച്ചത്.

വികസനം എന്താണെന്നു കർണാടകത്തെ ‘പഠിപ്പിക്കാതെ’ സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കാനാണു യോഗി ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകയിൽ രണ്ടു തവണ യോഗി ആദിത്യനാഥ് പ്രചാരണത്തിനെത്തിയ സാഹചര്യത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. എസ്പി–ബിഎസ്പി കൂട്ടുകെട്ടിലുണ്ടായ ‘ചരിത്രവിജയ’ത്തെയും സിദ്ധരാമയ്യ അഭിനന്ദിച്ചു. ബിജെപിക്കെതിരെ നിന്ന പാർട്ടികളുടെ കൂട്ടായ വിജയമാണ് ഉത്തർപ്രദേശിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി നേരിട്ട ബിജെപിയെ പരിഹസിച്ചു കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. വിജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാർഥിക്കു ജനങ്ങൾ വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ബിജെപി സഖ്യത്തോടു ജനങ്ങൾ കടുത്ത രോഷത്തിലാണ്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഒരു രാത്രി കൊണ്ടു സംഭവിക്കില്ലെന്നും രാഹുൽ ഓർമിപ്പിച്ചു. ഗോരഖ്പുരിലും ഫുൽപുരിലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായിരുന്നില്ല. അതേസമയം, ജനവിധി അംഗീകരിക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പുഫലം അപ്രതീക്ഷിതമാണ്. വീഴ്ചകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും രൂക്ഷമായ ഭാഷയിലാണു ബിജെപിയെ വിമർശിച്ചത്. ഗോരഖ്പുരിലും ഫുൽപുരിലും നേടിയ തകർപ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ അഭിനന്ദിച്ച മമത, ചിലരുടെ അന്ത്യത്തിന്റെ ആരംഭമാണിതെന്നും പ്രഖ്യാപിച്ചു.

ബിഹാറിലെ അരാരിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ജഹനാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും മമത അഭിനന്ദിച്ചു. തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ബിജെപിയെ കടന്നാക്രമിച്ചു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും രംഗത്തെത്തി.

ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷൻ ഭാരത് സോളങ്കിയും ബിജെപിയെ പരിഹസിച്ചു ട്വീറ്റ് ചെയ്തു. രാജ്യത്ത് ഏതു ദിശയിലാണു കാറ്റു വീശുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് തിരഞ്ഞെടുപ്പു ഫലമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരിച്ചടികൾക്കുശേഷം ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ബിജെപി പരാജയം രുചിച്ചിരിക്കുന്നു. പാവപ്പെട്ടവർക്കും കർഷകർക്കും എതിരായ നയങ്ങളാണ് ബിജെപിയുടെ തോൽവിക്കു കാരണമെന്നും അദ്ദേഹം കുറിച്ചു.

സമാജ്‌വാദി പാർട്ടി മുന്‍‌ നേതാവ് നരേഷ് അഗർവാളിനെ പാർട്ടിയിലെടുത്തതു പോലുള്ള നയപരമായ വീഴ്ചകളാണു ബിജെപിയുടെ പരാജയത്തിനു കാരണമെന്നു ശിവസേന പ്രതികരിച്ചു. അതേസമയം, തോൽവിയേക്കുറിച്ച് വിശദമായി പഠിക്കണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ബിഎസ്പി വോട്ട് ഈ വിധത്തിൽ സമാജ്‌വാദി പാർട്ടിയിലേക്കു പോകുമെന്നു കരുതിയിരുന്നില്ലെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ വ്യക്തമാക്കി. നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞ ഫുൽപുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ദയനീയമായി തോറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.