Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഗോകുലം സൂപ്പർകപ്പിന്; എതിരാളികൾ ബെംഗളൂരു

Henry-Kisekka-1 ഗോകുലത്തിനായി ഇരട്ടഗോൾ നേടിയ ഹെൻറി കിസേക്ക. (ട്വിറ്റർ ചിത്രം)

ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് കേരളത്തിൽനിന്നുള്ള ഗോകുലം കേരള എഫ്സി സൂപ്പർ കപ്പിന്. ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗോകുലം കേരള എഫ്സിയുടെ ജയം. യുഗാണ്ടൻ താരം ഹെൻറി കിസേക്കയുടെ (43, 74) വകയാണ് ഗോകുലത്തിന്റെ രണ്ടു ഗോളുകളും. ഇരു ഗോളുകൾക്കും വഴിയൊരുക്കിയ മലയാളി താരം അർജുൻ ജയരാജിന്റെ പ്രകടനവും ശ്രദ്ധേയമായി. നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങൾ കോട്ടകെട്ടി തകർത്ത ഗോകുലം എഫ്സിയുടെ ഗോൾകീപ്പർ നിഖിൽ ബർനാർഡാണ് ഹീറോ ഓഫ് ദ് മാച്ച്.

ഐഎസ്എൽ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്സിയുമായാണ് സൂപ്പർകപ്പിൽ ഗോകുലത്തിന്റെ ആദ്യ പോരാട്ടം. തോൽക്കുന്നവർ പുറത്താകുന്ന നോക്കൗട്ട് രീതിയാണ് സൂപ്പർകപ്പിനുള്ളത്. അതുകൊണ്ടുതന്നെ ആദ്യ മൽസരത്തിൽ കടുപ്പക്കാരായ എതിരാളികളെ ലഭിച്ചത് ഗോകുലത്തിന്റെ ആരാധകർക്ക് നിരാശ പകരും. കേരളാ ബ്ലാസ്റ്റേഴ്സിനു ശേഷം സൂപ്പർകപ്പിനു യോഗ്യത നേടുന്ന രണ്ടാമത്തെ കേരളാ ടീമാണ് ഗോകുലം എഫ്സി.

ഇന്നു നടന്ന മറ്റൊരു യോഗ്യതാ മൽസരത്തിൽ ഐ ലീഗ് ടീമായ ചർച്ചിൽ ബ്രദേഴ്സും ജയിച്ചുകയറി. ഐഎസ്എൽ ടീമായ ഡൽഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ തോൽപ്പിച്ചത്. വിജയികൾക്കായി വില്ലിസ് ഡിയോൻ പ്ലാസ ഇരട്ടഗോൾ നേടി. ഡൽഹിയുടെ ആശ്വാസ ഗോൾ കാലു ഉച്ചെയുടെ വകയാണ്. ഐ ലീഗ് ടീമായ മോഹൻ ബഗാനാണ് സൂപ്പർകപ്പിൽ ചർച്ചിലിന്റെ എതിരാളികൾ.

നോർത്ത് ഈസ്റ്റ് യുണൈറ്റിഡനെതിരെ തകർപ്പൻ പ്രകടനമായിരുന്നു ഗോകുലത്തിന്റേത്. എതിരാളികളുടെ പേരും പെരുമയും കൂസാതെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോകുലം ആദ്യ പകുതിയിൽത്തന്നെ ലീഡു നേടി. 43–ാം മിനിറ്റിലായിരുന്നു ആദ്യ ഗോളിന്റെ പിറവി. മധ്യനിരയ്ക്കു സമീപത്തുനിന്നും അർജുൻ ജയരാജ് നീട്ടി നൽകിയ ത്രൂപാസ് പിടിച്ചെടുത്ത് കിസേക്ക തൊടുത്ത ഷോട്ട് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ടി.പി. രഹനേഷിനെ കബളിപ്പിച്ച് വലയിൽ കയറി.

തിരിച്ചുവരവിനുള്ള നോർത്ത് ഈസ്റ്റിന്റെ ശ്രമങ്ങൾക്കു തടയിട്ട് രണ്ടാം പകുതിയിൽ ഗോകുലം ലീഡ് വർധിപ്പിച്ചു. ഇക്കുറിയും ഗോളിനു വഴിയൊരുക്കിയത് അർജുൻ ജയരാജ്–ഹെൻറി കിസേക്ക കൂട്ടുകെട്ട്. പന്തുമായി വലതുവിങ്ങിലൂടെ കുതിച്ചുകയറിയെത്തിയ അർജുൻ, ബോക്സിനു നടുവിൽ നിലയുറപ്പിച്ച കിസേക്കയ്ക്കു പന്തു മറിച്ചു. തടയാനെത്തിയ നോർത്ത് ഈസ്റ്റ് താരങ്ങളെ വിദഗ്ധമായി കബളിപ്പിച്ച് കിസേക്കയുടെ ഷോട്ട് വലയിൽ കയറി.

related stories