Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ വികസനത്തിന് വടക്കുകിഴക്കൻ മേഖലയുടെ ‘എൻജിൻ’: പ്രശംസ ചൊരിഞ്ഞ് മോദി

Narendra-Modi-Imphal ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇംഫാൽ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മേഖലയിലെ ‘വികസന രാഷ്ട്രീയ’ത്തിന്റെ വ്യക്തമായ സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പടിഞ്ഞാറൻ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കൻ മേഖലയും വികസിക്കാതെ രാജ്യത്തിന്റെ വളർച്ച പൂർണമാകില്ലെന്നു മോദി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഊർജത്തിന്റെ ബലത്തിലായിരിക്കും ഇനി ഇന്ത്യയുടെ വികസനം. ഇന്ത്യൻ വികസനക്കുതിപ്പിനുള്ള ഏറ്റവും പുതിയ ‘എൻജിൻ’ ആണ് വടക്കുകിഴക്കൻ മേഖലയെന്നും മോദി വ്യക്തമാക്കി. ഇംഫാലിലെ മണിപ്പുർ സർവകലാശാലയിൽ 105–ാം ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നൂറ്റാണ്ടു കാലത്തിനിടെ ഇതു രണ്ടാം തവണയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നിൽ ശാസ്ത്ര കോണ്‍ഗ്രസ് നടത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനുള്ള അംഗീകാരമാണിതെന്നും മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ എട്ടിൽ ഏഴു സംസ്ഥാനങ്ങളെയും റയില്‍പ്പാതകളാൽ ബന്ധിപ്പിച്ചു തഴിഞ്ഞു. ഇംഫാലിനെ ബ്രോഡ് ഗേജ് പാതയുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള ജോലികളും നടക്കുകയാണ്. ദേശീയ പാത വികസനത്തിനും കേന്ദ്രം പ്രാധാന്യം നൽകുന്നു.

പൊലീസിലും സൈന്യത്തിലും വനിതകൾ ഉൾപ്പെടെ വടക്കുകിഴക്കൻ പ്രാതിനിധ്യം കൂടുന്നതിലും മോദി സന്തോഷം പ്രകടിപ്പിച്ചു. മേഖലയോടുള്ള മുൻ സർക്കാരിന്റെ ‘നെഗറ്റിവ്’ സമീപനത്തെ വിമർശിച്ച മോദി മണിപ്പുർ മുഖ്യമന്ത്രി എൻ.ബീരേൻ സിങ്ങിനെയും പ്രശംസിച്ചു. മുൻ സർക്കാർ സംസ്ഥാനത്തിനു തിരിച്ചടി സമ്മാനിച്ചപ്പോൾ എല്ലാ മേഖലയിലും മുന്നേറാനും അഴിമതി ഇല്ലാതാക്കാനും നിലവിലെ സർക്കാരിനു സാധിച്ചു.

സംസ്ഥാനത്ത് 1000 അങ്കൻവാടികൾ ആരംഭിക്കുകയാണ്. മണിപ്പുരിലെ വനിതകൾക്കു സഹായകരമാകും വിധം ഇ–മാർക്കറ്റിങ് വികസിപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് മോദി ആവശ്യപ്പെട്ടു. ഉൾപ്രദേശങ്ങളിൽ തൊഴിലെടുക്കുന്ന അധ്യാപകർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും ആവശ്യത്തിനു താമസസൗകര്യമില്ലെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിൽ 19 ഇടങ്ങളിൽ ഇവർക്കു താമസസ്ഥലം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയാണെന്നും മോദി പറഞ്ഞു. ഗോത്രമേഖലയിൽ വിദ്യാർഥിനികൾക്കായി സർക്കാർ നിർമിച്ച ഒരു ഹോസ്റ്റലും മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്. 

വിദ്യാർഥികൾക്കായി 100 മണിക്കൂർ

ശാസ്ത്രം സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ കൂടി ഭാഗമാക്കണമെന്നും മോദി പറഞ്ഞു. ശാസ്ത്രവിഷയങ്ങളിൽ ഇന്ത്യയിലെ കുട്ടികൾക്ക് ആവശ്യത്തിനു പിന്തുണ ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളും ലാബുകളും കുട്ടികൾക്കായി തുറന്നു കൊടുക്കണം. സ്കൂൾ കുട്ടികളുമായി കൂടിക്കാഴ്ചയ്ക്കു ഗവേഷകർ തയാറാകണം. പ്രതിവർഷം 100 മണിക്കൂറെങ്കിലും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ നൂറു വിദ്യാർഥികൾക്കെന്ന കണക്കിൽ ശാസ്ത്ര–സാങ്കേതിക വിഷയങ്ങളിൽ ക്ലാസെടുക്കാൻ ഗവേഷകർ തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ഗവേഷണത്തിന്റെ കാര്യത്തിൽ ലാബിൽ നിന്നു ഗവേഷകർ മണ്ണിലേക്കിറങ്ങണമെന്നും ആഹ്വാനമുണ്ട്. 

2022ഓടെ 100 ഗിഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണു രാജ്യം. നിലവിൽ സോളർ സെല്ലുകളുടെ കാര്യക്ഷമത 17–18 ശതമാനം വരെയാണ്. എന്നാൽ കുറഞ്ഞ വിലയിൽ, കൂടുതൽ കാര്യക്ഷമമായ സോളർ സെല്ലുകൾ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ സാധിക്കുമോയെന്നു ഗവേഷകർ പരിശോധിക്കണം. സാമൂഹിക–സാമ്പത്തിക രംഗത്ത് ഇന്ത്യ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഹരിത സമൃദ്ധിയും പുരോഗതിയും വൃത്തിയും നിറഞ്ഞ ഒരു ഇന്ത്യയ്ക്കായി ശാസ്ത്രവും ഒപ്പം നിൽക്കണം. 2030ഓടെ രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന മൊത്തം വൈദ്യുതിയുടെ 40 ശതമാനത്തിലേറെയെങ്കിലും പാരമ്പര്യേതര ഊർജ സ്രോതസ്സുകളിലൂടെയാകും. ഇതിനായി രാജ്യാന്തര സഹകരണത്തോടെയാണ് മുന്നേറുന്നതെന്നും മോദി പറഞ്ഞു.

മികവു പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്ക് ഐഐഎസ്‌സികളിലും ഐഐടികളിലും പിഎച്ച്ഡിക്കു നേരിട്ടു പ്രവേശനം ഉറപ്പാക്കുന്ന ‘പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോസ്’ പദ്ധതിയ്ക്കു തുടക്കമായിട്ടുണ്ട്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള വിദ്യാര്‍ഥികൾ ഉപരിപഠനത്തിനും മറ്റുമായി രാജ്യം വിടുന്നതു തടയുകയാണു ലക്ഷ്യം. റിസർച് ആൻഡ് ഡവലപ്മെന്റ് (ആർ ആൻഡ് ഡി) എന്നത് ‘രാജ്യ വികസനത്തിനു വേണ്ടിയുള്ള ഗവേഷണം’ എന്ന നിലയിലേക്കു മാറ്റേണ്ട സമയമായി.

രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള സാങ്കേതികതയും തയാറാക്കേണ്ടതുണ്ട്. ശാസ്ത്രവും സാങ്കേതികതയും ഉപയോഗപ്പെടുത്തുന്നതിലും കണ്ടുപിടിത്തങ്ങൾ നടത്തുന്നതിലും ഇന്ത്യയ്ക്കു സമ്പന്നമായ ഒരു സംസ്കാരമുണ്ട്. ഈ മേഖലകളിൽ നിലവിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾക്കൊപ്പം സ്ഥാനമുറപ്പിക്കാനുള്ള സമയമായിരിക്കുകയാണെന്നും മോദി പറഞ്ഞു.

related stories