Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺഗ്രസിന്റെ ‘മനഃസാക്ഷി വോട്ട്’ നോട്ടമിട്ട് ബിജെപി; മാണിയുമായി ചർച്ച

km-mani കെ.എം.മാണി

കോട്ടയം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടു തീരുമാനിക്കാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഞായറാഴ്ച ചേരാനിരിക്കെ ഒരു മുഴം മുൻപേ എറിഞ്ഞ് ബിജെപി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണതേടി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയെ കണ്ടു. പാലായിലെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അണികളോടു മനഃസാക്ഷി വോട്ടുചെയ്യാനുള്ള തീരുമാനം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലുണ്ടാകും എന്നാണ് സൂചന. ഈ സാഹചര്യത്തിലാണു മാണിയുടെ പിന്തുണ തേടി ബിജെപി നേതാക്കൾ നേരിട്ടെത്തിയത്. ബിഡിജെഎസ് സഹകരിക്കാതെ വിട്ടുനിൽക്കുന്ന സമയത്താണ് ബിജെപി നേതാക്കൾ മാണിയെ കണ്ടത്. ചെങ്ങന്നൂരില്‍ ദേശീയ ശ്രദ്ധയാകർഷിക്കുന്ന പോരാട്ടം നടക്കുന്നതിനാൽ എങ്ങനെയും ജയിക്കുണമെന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിനു കിട്ടിയ സന്ദേശം.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നതിനാലാണു മാണിയെ കണ്ടതെന്നു പി.കെ.കൃഷ്ണദാസ് പ്രതികരിച്ചു. എന്നാല്‍, സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച പ്രകാരമായിരിക്കും കൃഷ്ണദാസ് മാണിയെ കണ്ടതെന്നു ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മാണിഗ്രൂപ്പിന്റെ ഭാവി രാഷ്ട്രീയ സമീപനം വ്യക്തമാകുമെന്നതിനാൽ രാഷ്ട്രീയകേന്ദ്രങ്ങൾ ആകാംക്ഷയിലാണ്. 

ചെങ്ങന്നൂരിൽ യുഡിഎഫിനോ എൽഡിഎഫിനോ പ്രകടമായ പിന്തുണ നൽകാതെയുള്ള തന്ത്രപരമായ നിലപാടു സ്വീകരിക്കാനാണു സാധ്യത. എന്നാൽ, രണ്ടു മുന്നണികളിലുമില്ലാതെ നിൽക്കുന്നതിലെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു വാദിക്കുന്നവരും പാർട്ടിയിലുണ്ട്. ഈ അവസ്ഥയിൽ ചെങ്ങന്നൂരിൽ ‘മനഃസാക്ഷി വോട്ട്’ പ്രഖ്യാപിക്കാനാണു കൂടുതൽ സാധ്യത. 

ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും അവർ പരാജയപ്പെടുകയും ചെയ്താൽ അതു ഭാവി സാധ്യതകൾക്കു തടസ്സമാകും. മാത്രമല്ല, ഒരു മുന്നണിയുടെ ഭാഗമാകുന്ന നിലയ്ക്കു രണ്ടുകൂട്ടരുമായും ചർച്ച പുരോഗമിച്ചിട്ടുമില്ല. മാണി ഗ്രൂപ്പിനു വോട്ടുള്ള മണ്ഡലമാണു ചെങ്ങന്നൂർ എന്നതിനാൽ അവരുടെ പിന്തുണയ്ക്കുള്ള ശ്രമം യുഡിഎഫും എൽഡിഎഫും നടത്തുന്നുണ്ട്. എന്നാൽ മാണി മനസ്സു തുറന്നിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം വരാത്തതിനാൽ തീരുമാനം നീട്ടിക്കൊണ്ടുപോയാലും അദ്ഭുതപ്പെടാനില്ല. 

അതേസമയം, 23ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിന്റെ ആറ് എംഎൽഎമാർ ആർക്കു വോട്ടു ചെയ്യണമെന്ന കാര്യം ഈ യോഗത്തിൽ തന്നെ തീരുമാനിക്കേണ്ടിവരും. എൽഡിഎഫിന്റെ എം.പി.വീരേന്ദ്രകുമാറും യുഡിഎഫിന്റെ ബി.ബാബുപ്രസാദും മത്സരിക്കുന്നു. വീരേന്ദ്രകുമാറിന്റെ വിജയം സുനിശ്ചിതമാണ്. തങ്ങളുടെ ആറുപേരുടെ വോട്ടു വിജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലാത്തതിനാൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാമെന്ന നിർദേശവും പരിഗണിച്ചേക്കും. 

പാർട്ടിക്കകത്തു യുഡിഎഫ് അനുകൂലികളും എൽഡിഎഫ് അനുകൂലികളുമുണ്ട്. സംസ്ഥാന സമ്മേളനത്തിലും സിപിഐ കടുത്ത നിലപാടെടുത്തതിനാൽ എൽഡിഎഫ് പ്രവേശനത്തിന് ഉടൻ സാധ്യതയില്ലെന്നു വാദിക്കുന്നവരുടെ എണ്ണം കൂടുന്നു. എന്നാൽ കോൺഗ്രസ് ബന്ധത്തിൽ വീണ വിള്ളൽ ഇനിയും തീർക്കാൻ കഴിയാത്തതിനാൽ യുഡിഎഫിലേക്കു മടങ്ങാനുള്ള സാധ്യതയ്ക്കും വേഗമായിട്ടില്ല. ഈ വിടവ് നോട്ടമിട്ടാണ് ബിജെപിയുടെ നീക്കങ്ങളെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.