Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധം വഷളാകുന്നു; പാക്ക് ഹൈക്കമ്മിഷണർ ഉടൻ ഇന്ത്യയിലേക്കില്ലെന്ന് സൂചന

India-Pak-Sohail-High-Commissioner സൊഹെയ്ൽ മുഹമ്മദ്

ന്യൂഡൽഹി∙ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി പാക്കിസ്ഥാൻ തിരിച്ചുവിളിച്ച ഹൈക്കമ്മിഷണർ സൊഹെയ്ൽ മുഹമ്മദ് ഉടനെ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു സൂചന. മുതിർന്ന പാക്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൊഹെയ്ൽ മുഹമ്മദ് അടുത്തയാഴ്ച തന്നെ മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണു തിരിച്ചുവരവ് നീണ്ടേക്കുമെന്ന സൂചന.

‘ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പാക്ക് ഹൈക്കമ്മിഷണറെയും സ്ഥാനപതി കാര്യാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്നത് നിർത്തിയാൽ മാത്രമേ’ അദ്ദേഹം ഇനി ഇന്ത്യയിലേക്ക് മടങ്ങൂവെന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായിരുന്ന സമയത്തുപോലും കുട്ടികളെ ദ്രോഹിക്കുന്ന പ്രവണത ഉണ്ടായിട്ടില്ലെന്നു പാക്ക് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത്രയും പ്രതികൂലമായ സാഹചര്യത്തിൽ ഡൽഹിയിൽ പ്രവർത്തിക്കാൻ സൊഹെയ്ൽ മുഹമ്മദിനു ബുദ്ധിമുട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.

പാക്ക് സ്ഥാനപതി ഉടനെ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു വ്യക്തമായതോടെ 2001 ഡിസംബറിലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ സമയത്തെ അവസ്ഥയിലേക്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഴുതുന്നത്. അന്ന് ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണർമാരെ പിൻവലിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ മാർച്ച് 19, 20 തീയതികളിലായി ഇന്ത്യയിൽ നടക്കുന്ന ഡബ്ല്യൂടിഒ യോഗത്തിൽനിന്നു പാക്കിസ്ഥാൻ വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്.

ഡൽഹിയിലുള്ള പാക്ക് നയതന്ത്ര പ്രതിനിധികൾക്കും കുടുംബാംഗങ്ങൾക്കും ഭീഷണിയും ശല്യപ്പെടുത്തലുകളും അക്രമവും നിരന്തരം നേരിടേണ്ടിവരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചത്. ഇക്കാര്യം പലകുറി ഇന്ത്യയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടാകാത്തതിനാലാണു കടുത്ത നടപടിക്കു തുനിയുന്നതെന്നു പാക്ക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കിയിരുന്നു.