Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയ്ക്കു നീതി കിട്ടിയില്ലെന്നു നായിഡു; മൂന്നാം മുന്നണി നീക്കവുമായി റാവു

chandrababu-naidu-k-chandrasekhar-rao ചന്ദ്രബാബു നായിഡു, കെ. ചന്ദ്രശേഖര റാവു

ഹൈദരാബാദ്∙ നാലു വര്‍ഷം ക്ഷമയോടെ കാത്തിരുന്നിട്ടും ആന്ധ്രാപ്രദേശിനു നീതി ലഭിച്ചില്ലെന്നു ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. മുസ‌്‌ലിംകളുടെ എതിര്‍പ്പ് നിലനില്‍ക്കെയാണു സംസ്ഥാനത്തിന്‍റെ വികസനത്തിനായി ബിജെപിയുമായി കൂട്ടുകൂടാന്‍ തീരുമാനിച്ചത്. അവസാന ബജറ്റിലും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണു സഖ്യം ഉപേക്ഷിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വിശാഖപട്ടണത്ത് ചേര്‍ന്ന ടിഡിപിയുടെ ന്യൂനപക്ഷവിഭാഗത്തിന്‍റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

ഇതിനിടെ, ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖരറാവു രംഗത്തെത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്നു വൈകിട്ട് കൊല്‍ക്കത്തയിലെ മമതാ ബാനര്‍ജിയുടെ വസതിയിലാണു കൂടിക്കാഴ്ച. കേന്ദ്രത്തില്‍ ബിജെപി, കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വരണമെന്നാണു ടിആര്‍എസിന്‍റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാവരെയും കൂടെകൂട്ടി ബിജെപിക്കെതിരെ വിശാലമുന്നണിയെന്ന കാഴ്ചപ്പാടാണു മമതാ ബാനര്‍ജിയുടേത്.