Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റകുറ്റപ്പണി നടത്തുന്നില്ല; ലോ ഫ്ളോര്‍ എസി ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്ത്

KSRTC

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയുടെ ലോ ഫ്ളോര്‍ എസി ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്ത്. കൊച്ചി തേവരയിലെ കെയുആര്‍ടിസി ആസ്ഥാനത്തു കോടികള്‍ വിലമതിക്കുന്ന 42 ബസുകളാണ് അറ്റകുറ്റപ്പണി നടത്താന്‍ പണമില്ലെന്നു പറഞ്ഞ് ഉപേക്ഷിച്ചിരിക്കുന്നത്. 56 എസി ബസുകള്‍ ഒാടിയിരുന്ന നഗരത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നതു നാലിലൊന്നു മാത്രം.

നിസാര അറ്റകുറ്റപ്പണി നടത്തിയാല്‍ റോഡിലിറക്കി സര്‍വീസ് നടത്താന്‍ കഴിയുന്ന, നാല്‍പതു കോടിയിലധികം വിലമതിക്കുന്ന ബസുകളാണ് ലോ ഫ്ളോർ ബസുകൾ. എന്നാല്‍ കട്ടപ്പുറത്താകുന്നവയുടെ എണ്ണം ഒാരോ ദിവസവും കൂടുകയാണ്. 56 ബസുണ്ടായിരുന്നിടത്തു സര്‍വീസ് നടത്താനുള്ളതു വെറും 14 എണ്ണം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍നിന്നാണു സ്പെയര്‍പാര്‍ട്സ് വാങ്ങുന്നത്. മുന്‍കൂര്‍ പണം നല്‍കിയാലേ സ്പെയര്‍പാര്‍ട്സ് കിട്ടൂ. ബസുകള്‍ കുറഞ്ഞതോടെ ഷെഡ്യൂളുകളും തടസപ്പെട്ടു. ഒരേ ബസുകൾ തന്നെ അധിക സര്‍വീസ് നടത്തുന്നത് ബസുകള്‍ക്കു തകരാര്‍ സംഭവിക്കാനുള്ള സാധ്യതയും കൂട്ടി.

സിറ്റി സര്‍വീസുകള്‍ വെട്ടിക്കുറച്ചു ദീര്‍ഘദൂര സര്‍വീസുകളാക്കി മാറ്റുകയാണിപ്പോള്‍. വേനല്‍ കനത്തതോടെ നഗരത്തില്‍ എസി ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. എന്നാല്‍ ഇതിനനുസരിച്ചു സര്‍വീസ് അയയ്ക്കാനോ, വരുമാനമുണ്ടാക്കാനോ ഒരു നടപടിയുമില്ല. ഗ്യാരേജ് പോലുമില്ലാത്തെ ഇവിടെ മഴയും വെയിലുമേറ്റു ബസുകള്‍ നശിക്കുകയാണ്. നഗര ഗതാഗതത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ബസായതുകൊണ്ട് കെഎസ്ആര്‍ടിസിക്കും താല്‍പര്യമില്ല. അറ്റകുറ്റപ്പണിക്കു പണം കണ്ടെത്തി ബസുകള്‍ നന്നാക്കിയില്ലെങ്കില്‍ കെയുആര്‍ടിസിയുടെ ആസ്ഥാനം തന്നെ അടച്ചുപൂട്ടേണ്ടിവരും.

related stories