Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വര്‍ക്ക്ഷോപ്പ് ഗുണ്ടകള്‍ തകര്‍ത്ത വിവരം വിളിച്ചറിയിച്ചയാളെ കസ്റ്റഡിയില്‍വച്ച് പൊലീസ്

kochi-police-partiality ഗുണ്ടകൾ തകർത്ത വർക്ക്ഷോപ്പ്

കൊച്ചി∙ സ്വന്തം വര്‍ക്ക്ഷോപ്പ് ഗുണ്ടകള്‍ തകര്‍ത്ത വിവരം കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചയാളെ കസ്റ്റഡിയില്‍വച്ച് പൊലീസ്. പാലാരിവട്ടം പൊലീസാണു സിവില്‍ തര്‍ക്കത്തില്‍ പക്ഷം പിടിച്ചു പരാതിക്കാരനെ ഉച്ചമുതല്‍ തടഞ്ഞുവച്ചിരിക്കുന്നത്. പരാതിക്കാരനായ ബിനീഷും വര്‍ക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെയാണു രാത്രി വര്‍ക്ക്ഷോപ്പ് തകര്‍ത്തത്. ഇതിന്റെ തെളിവുകള്‍ മനോരമ ന്യൂസിനു ലഭിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെടുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന വ്യവസ്ഥ കാറ്റില്‍പ്പറത്തിയാണു പാലാരിവട്ടം പൊലീസ് പരാതിക്കാരനായ ബിനീഷിനെ ഉച്ചമുതൽ തടഞ്ഞുവച്ചിരിക്കുന്നത്.

പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ പരിധിയിൽവരുന്ന ചളിക്കവട്ടത്തെ ഒരു വർക്ക്ഷോപ്പിനെച്ചൊല്ലിയാണു തർക്കം. തർക്കത്തിലായിരുന്ന വർക്ക്ഷോപ്പിന്റെ പൂട്ടു ഇന്നലെ രാത്രി പൊളിച്ച് ചിലയാളുകൾ അവിടെയുണ്ടായിരുന്ന മൂന്നു വാഹനങ്ങൾ മാറ്റുകയും വർക്ക്ഷോപ്പ് അടിച്ചു തകർക്കുകയുമായിരുന്നു. വിവരം അറിഞ്ഞയുടൻ ബിനീഷ് കൺട്രോൾ റൂമിൽ വിളിച്ചു വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാർ ബിനീഷിനെ വിളിച്ച് ഇവിടെയിങ്ങനെയൊന്നും സംഭവിക്കുന്നില്ല, ആരാണു വിവരം നൽകിയതെന്നു 10 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി അറിയിക്കാൻ ആവശ്യപ്പെട്ടു.

തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകിയത് ആരാണെന്നു പറഞ്ഞില്ലെങ്കിൽ കേസെടുക്കുമെന്നും പൊലീസ് ബിനീഷിനെ ഭീഷണിപ്പെടുത്തി. എന്നാൽ തർക്ക സ്ഥലമാണെന്നും അവിടെ ഗുണ്ടകളുണ്ടെന്നും വരാൻ ഭയമാണെന്നും ബിനീഷ് അറിയിച്ചു. എന്നാൽ വന്നില്ലെങ്കിൽ കേസെടുക്കുമെന്ന ഭീഷണിയോടെയാണ് പൊലീസ് സംഭാഷണം അവസാനിപ്പിച്ചത്.

രാത്രി വീണ്ടും പാലാരിവട്ടം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ കെ.ജി. ബിപിൻകുമാർ ബിനീഷിനെ ഫോണിൽ വിളിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണെന്നും ഉടനടി നേരിട്ടു ഹാജരാകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പിന്നീടു ബിനീഷ് അഭിഭാഷകനുമായി ബന്ധപ്പെട്ടു ഹാജരാകുന്നതു രാവിലത്തേക്കിന് ആക്കുകയായിരുന്നു.

തുടർന്ന് പകൽ 12 മണിയോടെ വർക്ക്ഷോപ്പിലെ വാഹനങ്ങളും ടൂൾസും മോഷണം പോയെന്ന പരാതിയുമായി ബിനീഷ് സ്റ്റേഷനിലെത്തി. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരം ആരു നൽകിയെന്നു പറയാതെ ബിനീഷിനെ സ്റ്റേഷനിൽനിന്നു പുറത്തുവിടില്ലെന്നാണ് ഇപ്പോൾ പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഭൂവുടമയുമായുള്ള തർക്കത്തെത്തുടർന്ന് വര്‍ക്ക്ഷോപ്പ് തുറക്കാനാകാത്ത അവസ്ഥയിൽ ജപ്തി ഭീഷണി നേരിടുകയാണ് ബിനീഷ്. നേരത്തെ, പലപ്പോഴും ഭൂവുടമ വർക്ക്ഷോപ്പ് നടത്തുന്നവർക്കെതിരെ മറ്റു പലതരത്തിൽ പരാതി കൊടുത്തിരുന്നു. അപ്പോഴൊക്കെ സിവിൽ കേസ് ആണെന്നു പരിഗണിക്കാതെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടിരുന്നതെന്നാണ് വിവരം.