Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരുടെ മരണവിവരം ആദ്യമറിയിച്ചത് സഭയിൽ; കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു: സുഷമ

Sushma-Swaraj വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ന്യൂ‍ഡൽഹി∙ ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ ആദ്യം അറിയിച്ചില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലെ തന്റെ വാക്കുകൾ മാധ്യമങ്ങളിലൂടെയാണു ബന്ധുക്കൾ അറിഞ്ഞതെന്നും സുഷമ പറഞ്ഞു.

‘കൊല്ലപ്പെട്ട ചിലരുടെ ബന്ധുക്കൾ‌ എന്താണ് ഇക്കാര്യം തങ്ങളെ അറിയിക്കാതിരുന്നതെന്നു ചോദിച്ചു. പാർലമെന്റിനെ അറിയിക്കും മുൻപ് ബന്ധുക്കളോടല്ലേ പറയേണ്ടത് എന്നാണു അവരുടെ സംശയം. പ്രോട്ടോകോൾ അനുസരിച്ചു സഭയയൊണ് ആദ്യമറിയിക്കേണ്ടത്. ഇതെന്റെ കടമയാണ്’– സുഷമ വ്യക്തമാക്കി. മരണത്തെ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണ് കോൺ‌ഗ്രസെന്ന് അവർ കുറ്റപ്പെടുത്തി.

‘രാജ്യസഭയിൽ ദുഃഖവിവരം പങ്കുവയ്ക്കുമ്പോൾ ഏവരും ശാന്തമായാണു കേട്ടിരുന്നത്.  മരിച്ച ഇന്ത്യക്കാർക്ക് ആദരമർപ്പിച്ചു രാജ്യസഭ രണ്ടു മിനിറ്റ് മൗനമാചരിച്ചു. ലോക്സഭയിലും ഇതുതന്നെയാണു സംഭവിക്കുകയെന്നാണു കരുതിയത്. കഴിഞ്ഞ ദിവസങ്ങളിലെ ബഹളത്തുടർച്ചയ്ക്ക് ഇന്നു നേതൃത്വം നൽകിയത് കോൺഗ്രസായിരുന്നു. ഇതു വളരെ നിർഭാഗ്യകരമായിപ്പോയി’– സുഷമ പറഞ്ഞു.

തരംതാണ രാഷ്ട്രീയമാണ് കോൺഗ്രസ് കാണിച്ചത്. രാജ്യസഭയിൽ ഇന്നെന്താണു ബഹളം ഉണ്ടാകാത്തതെന്നു കോൺഗ്രസ് അധ്യക്ഷൻ ചിന്തിച്ചിരിക്കാം. തുടർന്നാണു ലോക്സഭയിൽ പ്രതിഷേധിച്ചു ബഹളമുണ്ടാക്കാൻ അദ്ദേഹം ജ്യോതിരാദിത്യ സിന്ധ്യയോടു നിർദേശിച്ചതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

ഹിമാചൽ പ്രദേശ്, പഞ്ചാബ്, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു മരിച്ചത്. ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. കൂട്ടശവക്കുഴികളിൽ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്നും സുഷമ പറഞ്ഞു. 2014 ജൂണിലാണു മൊസൂളിൽനിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്.