Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍ഡോസള്‍ഫാന്‍: മൂന്നു ലക്ഷം വരെ കടം എഴുതിത്തള്ളും, എല്ലാവർക്കും ബിപിഎൽ കാർഡ്

endosulfan പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളുമെന്ന് സർക്കാർ. ഇതിനായി 7.63 കോടി രൂപ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുക്കും.

പൂര്‍ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും 5 ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് 3 ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ കാന്‍സര്‍ രോഗികള്‍ക്ക് 3 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 

ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരായ ഇ.‌ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ‍, കാസർകോട് കലക്ടർ ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 

അഞ്ചുഘട്ടങ്ങളായുളള പരിശോധനയിലൂടെയാണു ധനസഹായത്തിന് അര്‍ഹരായവരെ നിര്‍ണയിക്കുന്നത്.  മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാൻ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടു നടപടിയെടുക്കും. മാനസിക ദൗർബല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളില്‍ ഇപ്പോള്‍ ബഡ്സ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു പഞ്ചായത്തുകളില്‍ ബഡ്സ് സ്കൂളിന്‍റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.  മുഴുവന്‍ ബഡ്സ് സ്കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിന്‍തോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി നശിപ്പിക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കും. ദുരിതബാധിതര്‍ക്കു വേണ്ടി പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതിന് ഉടനെ ഭരണാനുമതി നല്‍കും. കമ്പനികളുടെ സാമൂഹ്യഉത്തരവാദിത്ത ഫണ്ട് ഇതിനു പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്നു പരിശോധിക്കും എന്‍ഡോസള്‍ഫാന്‍ സഹായപദ്ധതികളും പുനരധിവാസ പദ്ധതികളും അവലോകനം ചെയ്യുന്നതിനു വിദഗ്ധസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.