Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ മടങ്ങിവരില്ലെന്ന് അന്ന് ഹർജിത് പറഞ്ഞു; വിശ്വസിക്കാതെ സർക്കാർ കാത്തിരുന്നത് 4 വർഷം

Harjith-Masif--Sushma-Swaraj ഹര്‍ജിത് മസീഹ്, സുഷമ സ്വരാജ്

2014 ജൂണ്‍ 14. അന്ന് ഇറാഖിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട പഞ്ചാബുകാരനായ ഹര്‍ജിത് മസീഹ് പറഞ്ഞു: ‘ഇല്ല... അവര്‍ മടങ്ങി വരില്ല. എന്‍റെ കണ്‍മുന്നിലാണ് അവര്‍ വെടിയേറ്റു വീണത്...’. ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരരുടെ പിടിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു വന്നപ്പോഴായിരുന്നു ഹര്‍ജിത് അന്ന് അതു പറഞ്ഞത്. ‘ഹര്‍ജിത് മാസിഹ് പറയുന്നത് സത്യമല്ല. ഐഎസ് ഭീകരരുടെ പിടിയിലുള്ള 39 ഇന്ത്യക്കാരും സുരക്ഷിതരാണ്. എനിക്ക് എട്ടുകേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചിട്ടുണ്ട്’ എന്നായിരുന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രതികരണം. എന്നാല്‍ ഇന്ന് അതേ സുഷമാ സ്വരാജ് രാജ്യസഭയില്‍ തുറന്നുസമ്മതിച്ചു: ‘ആ 39 ഇന്ത്യക്കാരും ഇനി മടങ്ങിവരില്ല..!’

ഇറാഖിലെ മൊസൂളില്‍ 2014 ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത് 40 ഇന്ത്യക്കാരെയാണ്. അവരില്‍ 22 പേരും പഞ്ചാബിലെ അമൃത്‌സറില്‍നിന്നുള്ളവരായിരുന്നു. ഇവരില്‍ ജീവനോടെ രക്ഷപ്പെട്ട ഏകയാളാണ് 32 കാരനായ ഹര്‍ജിത് മാസിഹ്. കാലില്‍ വെടിയേറ്റ മസീഹ് അവിശ്വസനീയമാംവിധം ഭീകരരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

ഹര്‍ജിത് അന്നു പറഞ്ഞത്:

‘ഐഎസ് ഞങ്ങളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയായിരുന്നു. ഞങ്ങള്‍ 40 ഇന്ത്യാക്കാരും 50 ബംഗ്ലാദേശികളും ഉണ്ടായിരുന്നു. ഞങ്ങൾക്കു പാസ്പോര്‍ട്ട് തരുമെന്നും ഇന്ത്യയിലേക്കു പോകാന്‍ അനുവദിക്കുമെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ ഞങ്ങളെ മറ്റൊരു തീവ്രവാദിസംഘത്തിനു കൈമാറി. അവര്‍ ഞങ്ങളെ മറ്റൊരിടത്തേക്കു കൊണ്ടുപോയി. ഒരു മുറിയിലിട്ടു പൂട്ടി നിറയൊഴിക്കുകയായിരുന്നു പിന്നെ. എനിക്ക് ചുറ്റുമുള്ളവരൊക്കെ പിടഞ്ഞുവീണു. ഇഴഞ്ഞിഴഞ്ഞ് ഒടുവില്‍ ഞാന്‍ രക്ഷപ്പെടുകയായിരുന്നു..’

ഇന്ന് രാജ്യസഭയില്‍ സുഷമ സ്വരാജ് പറഞ്ഞത്:

ഇറാഖില്‍ ബന്ദികളായിരുന്ന 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇവർ. ഇറാഖിലെ ബാദുഷ്, മൊസൂള്‍ എന്നിവിടങ്ങളില്‍നിന്നു 2014 ജൂലൈ മുതലാണ് ഇവരെ കാണാതായത്. ഇവരെ കാണാതായത്. ഇവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്നാണു വിവരം. ഡിഎന്‍എ പരിശോധനയിലാണ് ഇതു തിരിച്ചറിഞ്ഞത്. ബഗ്ദാദിലുള്ള മൃതദേഹങ്ങള്‍ ഈയാഴ്ചതന്നെ നാട്ടിലെത്തിക്കും. ഇറാഖ് സര്‍ക്കാര്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു. പക്ഷേ രാജ്യം മുഴുവനും നിയന്ത്രണമില്ലാത്ത ഒരു സര്‍ക്കാരാണ് അവിടെയുള്ളത്. ഈ സാഹചര്യമാണു കാര്യങ്ങള്‍ വൈകിച്ചത്.