Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്കെതിരെ മൂന്നാംമുന്നണി വേണ്ട; നിലപാടു വ്യക്തമാക്കി തൃണമൂല്‍

Mamata-Banerjee-Saugata-Roy മമത ബാനർജി, സുഗത റോയ്

കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി വേണ്ടെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാംമുന്നണിയുടെ രൂപീകരണം ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂ. അവിശ്വാസപ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടാലും ചര്‍ച്ചാവേളയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കുമെന്നും സുഗത റോയ് എംപി മനോരമ ന്യൂസിനോടു പറഞ്ഞു.

ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടയിലാണു തൃണമൂല്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നത്. മൂന്നാം മുന്നണി പ്രതിപക്ഷവോട്ടുകള്‍ ചിതറിപ്പോകാനേ സഹായിക്കൂ. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കണം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഇതിന്‍റെ ഭാഗമാക്കാനാണു ശ്രമം. ബിജെപിയുടെ സഖ്യകക്ഷികളും ഇതിലേക്കു വരുമെന്നും സുഗത റോയ് പറഞ്ഞു.

എന്‍ഡിഎയിലെ ഭിന്നതയും യുപിയിൽ ബിജെപി നേരിട്ട തിരിച്ചടിയും പ്രതിപക്ഷ കക്ഷികള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിപക്ഷ നിരയെ ആരു നയിക്കും എന്ന തര്‍ക്കം ഇപ്പോഴില്ല. പ്രതിപക്ഷ നിരയില്‍ ഭിന്നതയുണ്ടെന്നു വരുത്തിതീര്‍ക്കാനാണു ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ തകര്‍ക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പോരാട്ടം വ്യത്യസ്തമാകുമെന്നും സുഗത റോയ് കൂട്ടിച്ചേർത്തു.

ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുവേണ്ടി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ചിരുന്നു. കോൺഗ്രസിനും ബിജെപിക്കുമെതിരായ ബദൽ രൂപീകരിക്കുകയാണു റാവു ലക്ഷ്യം വയ്ക്കുന്നത്.  

related stories