Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിക്കു നേരെ ആസിഡാക്രമണം; മുറി ഒഴിഞ്ഞു പോകുന്നതിലെ ‘പക’യെന്നു സംശയം

acid-attack Representative Image

ഗാസിയാബാദ്∙ ഉത്തർപ്രദേശിലെ മോഹൻനഗറിൽ യുവതിക്കു നേരെ ആസിഡാക്രമണം. പഞ്ചാബ് നാഷനൽ ബാങ്കിലെ ശാസ്ത്രി നഗർ കോളനി ശാഖയിലെ ജീവനക്കാരിയായ യുവതിക്കു നേരെയാണ് ബൈക്കിലെത്തിയ രണ്ടു പേർ ആസിഡാക്രമണം നടത്തിയത്. ഇവരുടെ സമീപത്തുണ്ടായിരുന്ന അഞ്ചു പേരെയും പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രാവിലെ ജോലിക്കു പോകാന്‍ വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് യുവതിക്കു നേരെ ആക്രമണമുണ്ടായത്. കഴുത്തിലും കൈകളിലും പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയുടെ കൂടെ താമസിച്ചിരുന്ന ഡൽഹി സ്വദേശിനിക്കെതിരെ യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി.

മുറി വിട്ടു പോകുന്നതിനെ ചൊല്ലി ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നതായും പരാതിയിലുണ്ട്. ഇതിന്റെ പകയാണോ ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്.