Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുരുകലിനു വേദിയായി ഫിൻലൻഡ്; വരുമോ കിം– ട്രംപ് കൂടിക്കാഴ്ച?

KIM-and-TRUMP ഡോണൾഡ് ട്രംപ്, കിം ജോങ് ഉൻ

ഹെൽസിൻകി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ഉത്തര കൊറിയൻ പ്രതിനിധിയുടെ ഫിന്‍ലൻഡ് സന്ദർശനം ഫലപ്രദമായിരുന്നെന്ന് ഫിന്നിഷ് വിദേശകാര്യ മന്ത്രാലയം. ബുധനാഴ്ച അവസാനിച്ച കൂടിക്കാഴ്ചയിൽ ഉത്തരകൊറിയ, യുഎസ്, ദക്ഷിണകൊറിയ രാഷ്ട്രങ്ങളിൽ നിന്ന് 18 പ്രതിനിധികളാണ് പങ്കെടുത്തത്. 

ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചോ കാങ്ങാണ് ഉത്തരകൊറിയയ്ക്കുവേണ്ടി യോഗത്തിൽ പങ്കെടുത്തത്. കൊറിയൻ മേഖലയിലെ പ്രശ്നപരിഹാരത്തിലെ നിർണായക നീക്കമായിരുന്നു ചര്‍ച്ചയെന്ന് ഫിൻലൻഡ് പ്രതിനിധി കിമ്മോ ലാദേവിർത പറഞ്ഞു. യോഗത്തിൽ‌ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചാണ് പ്രതിനിധികൾ ചർച്ച ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയിലെയും യൂറേോപ്പിലെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ‌ യോഗത്തിന്റെ മുഖ്യ അജൻഡ എന്തായിരുന്നുവെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

അതേസമയം ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം യോഗത്തിൽ ചർച്ച ചെയ്യില്ലെന്ന് ഫിൻലൻഡ് നേരത്തെ അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുന്നതിനു ഉത്തരകൊറിയ സ്വീഡനുമായും ചര്‍ച്ചകൾ നടത്തിയിരുന്നു. എന്നാൽ ആണവ, മിസൈൽ പരീക്ഷണങ്ങളിൽ നിന്ന് പിൻമാറാൻ ഉത്തരകൊറിയ ഇതുവരെ തയാറായിട്ടില്ല.

യുഎസ്–ഉത്തര കൊറിയ ഉച്ചകോടി നടക്കുകയാണെങ്കിൽ സ്വീഡനായിരിക്കും വേദിയെന്നാണു സൂചനകൾ. മേയ് മാസത്തോടു കൂടി കിമ്മുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും കിമ്മുമായി ഏപ്രിലിൽ കൂടിക്കാഴ്ച നടത്തും.