Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രിയിലെത്തിക്കാൻ ജയലളിത സമ്മതിച്ചില്ല; പനീർസെൽവം സന്ദർശിച്ചിരുന്നെന്നും ശശികല

sasikala-jayalalithaa

ന്യൂഡൽഹി∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചു കൂടുതൽ‌ വെളിപ്പെടുത്തലുമായി തോഴി വി.കെ.ശശികല. 2016 സെപ്റ്റംബർ 22ന് ശുചിമുറിയിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജയലളിത വളരെ സമ്മർദത്തിലായിരുന്നു. രാത്രി 9.30 ഓടെ പോയസ് ഗാർഡനിലെ ശുചിമുറിയിൽ അവർ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞെങ്കിലും ‘അമ്മ’ സമ്മതിച്ചില്ല. അവർ പുറത്തേക്കു പോയയുടൻ ഡോക്ടറെ വിളിക്കുകയായിരുന്നു – ശശികല പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് എ.അറുമുഖസാമി കമ്മിഷനോടായിരുന്നു അവരുടെ വെളിപ്പെടുത്തൽ.

ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ജയലളിത ബോധരഹിതയായിരുന്നു. ആംബുലൻസിൽ വച്ചു ബോധം വന്നയുടൻ തന്നെ എവിടേക്കു കൊണ്ടുപോകുകയാണെന്നും ചോദിച്ചിരുന്നു. അവരുടെ സമ്മതത്തോടെ തന്നെയാണു വിഡിയോ ചിത്രീകരിച്ചത്. അത്തരത്തിലുള്ള നാലു വിഡിയോകളും കമ്മിഷനു മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. അണ്ണാ ഡിഎംകെ നേതാക്കളായ ഒ.പനീർസെൽവവും എം.തമ്പിദുരൈയും ആശുപത്രിയിലെത്തി ‘അമ്മ’യെ കണ്ടിരുന്നു. കൂടാതെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും അവരെ സന്ദർശിച്ചിരുന്നുവെന്നും ശശികല നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ആശുപത്രിയിൽ വച്ച് ജയലളിതയെ കാണാൻ അനുവദിച്ചിരുന്നില്ലെന്ന് പനീർസെൽവം നേരത്തേ ആരോപിച്ചിരുന്നു.

അനധികൃത സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതായി ശശികല പറയുന്നു. ആശുപത്രിയിലാകുന്നതിന് ഒരാഴ്ച മുൻപുതന്നെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസമുണ്ടായിരുന്നുവെന്നും ശശികല സത്യവാങ്മൂലത്തിൽ പറയുന്നു. മൂന്നുമാസത്തെ ആശുപത്രി വാസത്തിനുശേഷം ഡിസംബറിലാണു ജയലളിത മരിച്ചത്.