Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റ് ഇന്നത്തേക്കു പിരിഞ്ഞു; ആന്ധ്രയ്ക്കു പിന്നാലെ പ്രത്യേക പദവി വേണമെന്ന് ബിഹാറും

Rajyasabha രാജ്യസഭയിലെ പ്രതിപക്ഷ ബഹളം. ചിത്രം: എഎൻഐ

ന്യൂഡൽഹി∙ ഇത്തവണ സഭാംഗങ്ങൾക്കു ചിന്തിക്കാന്‍ കൂടുതൽ അവസരം നൽകിയില്ല ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു; പ്രതിപക്ഷാംഗങ്ങളുടെ ബഹളം നിലയ്ക്കാതായതോടെ രാജ്യസഭ ഇന്നത്തേക്കു പിരിച്ചു വിട്ടു. ഒരവസരം നൽകിയിട്ടും പ്രതിപക്ഷം ബഹളം നിർത്താൻ തയാറായതോടെ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനും പറഞ്ഞു– ‘സഭ ഇന്നത്തേക്കു പിരിച്ചുവിട്ടിരിക്കുന്നു’. ഇനി ഇരുസഭകളും വ്യാഴാഴ്ച രാവിലെ വീണ്ടും ചേരും.

അതിനിടെ, ബിഹാറിനു പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് പപ്പു യാദവ് എംപിയും നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിന്മേൽ അടിയന്തര ചർച്ച ആവശ്യപ്പെട്ടാണ് പപ്പു ലോക്സഭ സെക്രട്ടറി ജനറലിനു നോട്ടിസ് നൽകിയിരിക്കുന്നത്.

ഇറാഖിലെ മൊസൂളിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തില്‍ ചർച്ച വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രതാപ് സിങ് രാജ്യസഭയിൽ ഇന്നു രാവിലെ നോട്ടിസ് നൽകിയിരുന്നു. ബന്ധുക്കളെ അറിയിക്കുന്നതിനു പകരം വിഷയം സഭയെ നേരിട്ടറിയിച്ചതിലാണ് കോൺഗ്രസിന്റെ പ്രതിഷേധം. അതിനിടെ പ്രതിഷേധ പ്ലക്കാർഡുകളുമായി ടിഡിപി എംപിമാർ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ബഹളം കനത്തതോടെ സഭ പിരിച്ചുവിട്ടു.

അതേസമയം രാവിലെ ആരംഭിച്ച് ഏതാനും മിനിറ്റു മാത്രമേ ലോക്സഭ ചേർന്നുള്ളൂ. ടിഡിപിയും വൈഎസ്ആർ കോൺഗ്രസും ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യപ്പെട്ടു നടുത്തളത്തിലേക്കിറങ്ങിയതോടെ സ്പീക്കർ സുമിത്ര മഹാജൻ സഭ 12 വരെ നിർത്തിവച്ചു. തുടർന്നു വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ സഭാനടപടികൾ മുങ്ങി. അതോടെ ലോക്സഭയും ഇന്നത്തേക്കു പിരിഞ്ഞു.

എൻഡിഎ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിനും സ്പീക്കർ ഇന്ന് അനുമതി നൽകിയില്ല. ടിഡിപിയും വൈഎസ്ആർ കോൺഗ്രസുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയിരിക്കുന്നത്. അതിനിടെ, ലോക്സഭയിലെ ബഹളത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സഭ ബഹളമയമാകുമ്പോൾ അവിശ്വാസം അവതരിപ്പിക്കാനാകില്ല. ഇക്കാര്യം അറിയാവുന്നതു കൊണ്ടാണു കേന്ദ്രസർക്കാർ സഭയിലെ ഒച്ചപ്പാടുകൾ നിർത്താൻ യാതൊരു ഇടപെടലും നടത്താത്തതെന്നും സിപിഎം നേതാവ് മുഹമ്മദ് സലിം ആരോപിച്ചു.

കാവേരി നദീജല തര്‍ക്കത്തിന്റെ പേരിൽ പാർലമെന്റിനു മുന്നിൽ അണ്ണാഡിഎംകെയുടെയും പ്രതിഷേധം തുടരുകയാണ്. ടിഡിപി എംപിമാരും പ്ലക്കാർഡുകളുമായി പുറത്തിറങ്ങി പ്രതിഷേധിക്കുന്നുണ്ട്.

related stories