Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഹിക പീഡനം; ഷാമിക്കെതിരായ നടപടി ബിസിസിഐ റിപ്പോർട്ടിന് ശേഷം: ഐപിഎൽ ചെയർമാൻ

muhammed-shami ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി

ന്യൂഡൽഹി∙ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ ഐപിഎൽ ഭാവി സംബന്ധിച്ച് ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിനു ശേഷം മാത്രമേ തീരുമാനമെടുക്കുവെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല. നീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ വിഭാഗം വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. അല്ലാതെ ഷാമിയുടെ സ്വകാര്യ വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. – ശുക്ല പറഞ്ഞു.

പാക്കിസ്ഥാനി വനിതയിൽ നിന്ന് ഷാമി നിയമവിരുദ്ധമായി പണം വാങ്ങിയെന്ന ഭാര്യ ഹസിൻ ജഹാന്റെ പരാതിയുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഗാർഹിക പീഡന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഷാമിക്കെതിരെ കേസുകളുണ്ട്. കേസിൽ എല്ലാ തെളിവുകളും തനിക്ക് അനുകൂലമാണെന്ന് ഷാമി നേരത്തെ പ്രതികരിച്ചിരുന്നു. 

അതേസമയം ഷാമിയെ ദുബായില്‍ വച്ച് കണ്ടിട്ടുണ്ടെന്ന് പാക്കിസഥാനി വനിത അലിഷ്ബ സമ്മതിച്ചു. എന്നാൽ യാതൊരു സാമ്പത്തിക ഇടപാടുകളും തങ്ങള്‍ തമ്മിൽ ഉണ്ടായിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. ഷാമിയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തിൽ തന്റെ പേരു വലിച്ചിഴച്ചതിൽ അവർ അതൃപ്തിയറിയിച്ചു. പാക്കിസ്ഥാനി സുഹൃത്തുമായുള്ള ബന്ധത്തിലൂടെ ഷാമി ഇന്ത്യയെ കബളിപ്പിക്കുകയാണെന്ന് ഭാര്യ ഹസിൻ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ അഴിമതി വിരുദ്ധ സമിതിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനായി ആവശ്യപ്പെട്ടത്.