Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ സോഫ്റ്റ്‍വെയർ വിദേശ കമ്പനിയുടേത്; വിവരങ്ങൾ പുറത്തുപോവില്ല: യുഐഡിഎഐ

Aadhar Card

ന്യൂഡൽഹി∙ ആധാർ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‍വെയർ വിദേശ കമ്പനിയുടെതെന്നു യുഐഡിഎഐ. സോഫ്റ്റ്‍വെയർ വാങ്ങിയതു വിദേശ കമ്പനിയിൽ‌നിന്നാണ്. എന്നാൽ ഈ കാരണം കൊണ്ടു വിവരങ്ങള്‍ വിദേശ കമ്പനിക്കു ലഭ്യമാകില്ല. കാരണം സെർവര്‍ ഇന്ത്യയുടേതാണ്. ദേശീയ സുരക്ഷയുടെ പേരിൽ ഇതുവരെ വിവരങ്ങൾ നൽകിയിട്ടില്ല. ഒരു ഏജൻസിയും ഇതുവരെ വിവരങ്ങൾക്കായി സമീപിച്ചിട്ടില്ലെന്നും സുപ്രീം കോടതിയിൽ യുഐഡിഎഐ ബോധിപ്പിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൗരന്‍റെ ആധാര്‍ വിവരങ്ങള്‍ കൈമാറും. പൗരന്‍റെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കില്ല. ജാതി, മതം എന്നിവ ശേഖരിക്കുന്നില്ലെന്നും സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു.

സുപ്രീംകോടതിയിൽ ആധാര്‍ സുരക്ഷയെ സംബന്ധിച്ചു പവര്‍ പോയന്റ് അവതരണത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യുഐഡിഎഐക്കു സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്‍റ് അവതരണത്തിനു തയാറാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പൗരന്‍റെ ഡേറ്റ ചോരില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും എജി കോടതിയില്‍ പറ‍ഞ്ഞു.

സ്വകാര്യതയുടെ പേരു പറഞ്ഞു രാജ്യത്തെ മുപ്പതു കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുളള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. ആധാര്‍ കാര്‍ഡിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്രത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്കു നേരിട്ടു ലഭിക്കുന്നതിനാണ് ആധാര്‍ നടപ്പാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും കോടതിയില്‍ പവര്‍പോയിന്‍റ് പ്രസന്റേഷന്‍ നടത്താന്‍ തയാറാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം, ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനു പെന്‍ഷന്‍ നിഷേധിക്കാന്‍ കഴിയുമോയെന്നു കോടതി ആരാഞ്ഞു. ജീവനക്കാരന്‍ നേരിട്ടു കൈകാര്യം ചെയ്യുന്നതു കൊണ്ടുതന്നെ വ്യാജ പെന്‍ഷന്‍ അക്കൗണ്ടുകള്‍ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചിരുന്നു. അതിനു പിന്നാലെയാണു സുരക്ഷ വിശദീകരിക്കാന്‍ യുഐഡിഎഐക്കു സുപ്രീംകോടതി അനുമതി നല്‍കിയത്.